റണ്‍വേ മാറി വിമാനം കായലിലിറങ്ങി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
പാലികിര്‍: റണ്‍വേ മാറി യാത്രാവിമാനം കായലിലിറങ്ങി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമായ മൈക്രോനേഷ്യയിലാണു കൗതുകസംഭവം അരങ്ങേറിയത്. സംഭവസമയത്ത് 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
പാപ്പുവ ന്യൂഗിനിയന്‍ വിമാനക്കമ്പനിയായ എയര്‍ ന്യൂഗിനിയുടെ ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ ദിവസം മൈക്രോനേഷ്യയിലെ പോന്‍പേ ദ്വീപില്‍നിന്ന് പാപ്പുവ ന്യൂഗിനിയ തലസ്ഥാനമായ പോര്‍ട്ട് മോഴ്‌സ്ബിയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. ഇതിനിടയിലുള്ള മറ്റൊരു മൈക്രോനേഷ്യന്‍ ദ്വീപായ വെനോയില്‍ ചൂക്ക് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാനുള്ള ശ്രമത്തിനിടെ റണ്‍വേ മാറി കായലില്‍ ഇറക്കുകയായിരുന്നു. ഉടന്‍ നാട്ടുകാരും നാവികസേനയും ചേര്‍ന്ന് വിമാനത്തിലുണ്ടായിരുന്നവരെ ബോട്ടുകളില്‍ രക്ഷിക്കുകയായിരുന്നു. വിമാനം കായലില്‍ പതിച്ചതിന്റെ ആഘാതത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇതില്‍ നാലുപേരുടെ സ്ഥിതി ഗുരുതരവുമാണ്.
റണ്‍വേയില്‍ വിമാനമിറങ്ങിയെന്നു കരുതി പുറത്തേക്കുനോക്കുമ്പോഴാണു ചുറ്റും വെള്ളം കണ്ടതെന്നും എന്നാല്‍, ആദ്യം ഒന്നും തിരിഞ്ഞില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. പിന്നീട് വിമാനത്തിലുണ്ടായിരുന്ന ചെറിയ ദ്വാരത്തിലൂടെ അകത്തേക്കു വെള്ളം പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ് അപകടാവസ്ഥ തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. മഴയും മോശം കാലാവസ്ഥയും കാരണം മുന്നിലെ കാഴ്ച മങ്ങിയതാവാം സംഭവത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മൈക്രോനേഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."