സഊദി പൊതുമാപ്പ് ഇതുവരെ രണ്ടര ലക്ഷത്തിലധികം പേര്‍ പ്രയോജനപ്പെടുത്തി
ജിദ്ദ: സഊദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ഇതുവരെ 2,56,000 ലേറെ പേര്‍ പ്രയോജനപ്പെടുത്തിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ ഉസ്മാന്‍ അല്‍മുഹ്‌റജിന്റെ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ ജംആന്‍ അല്‍ഗാംദി അറിയിച്ചു. ഇതില്‍ 53,000 ലേറെ പേര്‍ ഇതിനകം രാജ്യം വിട്ടിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് മുന്നോട്ടുവരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ പൊതുമാപ്പ് നടപടികള്‍ വിലയിരുത്തുന്നതിനും ഇതേ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും എത്തിയതായിരുന്നു അദ്ദേഹം. പൊതുമാപ്പ് നടപടികള്‍ക്ക് നേരിട്ടേക്കാവുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുന്നതിനും പൊതുമാപ്പ് കാമ്പയിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനും പൊതുമാപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രത്യേക സംഘത്തെ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്നവരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ പ്രവിശ്യകളിലും ജവാസാത്ത് കേന്ദ്രങ്ങള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമ ലംഘകര്‍ക്കെതിരായ റെയ്ഡുകളില്‍ സഊദി പൗരന്മാര്‍ സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണം. സഊദി പൗരന്മാരും വിദേശികളും നിയമ ലംഘകര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും മറ്റു സഹായങ്ങളും ചെയ്തു കൊടുക്കരുത്. നിയമ ലംഘകരെ കുറിച്ച് സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം നല്‍കണം. നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം നിശ്ചിത സമയത്തിനകം രാജ്യം വിടാത്തവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
നിയമലംഘകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പാരിതോഷികം കൈമാറും. നിയമ ലംഘകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അര ലക്ഷം റിയാല്‍ വരെ പാരിതോഷികം ലഭിക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമല്ല. നിയമ ലംഘകരില്‍നിന്ന് ഈടാക്കുന്ന പിഴയുടെ ഒരു ഭാഗമാണ് അവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുക. വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രത്യേക കമ്മിറ്റിയാണ് പാരിതോഷികം നിര്‍ണയിക്കുക. നിയമ ലംഘകരെ കുറിച്ച് അറിയിക്കുന്ന ഓരോ പരാതികളും നിയമ ലംഘകരില്‍നിന്ന് ഈടാക്കുന്ന പിഴയും കമ്മിറ്റി പരിശോധിച്ചാണ് ഓരോരുത്തര്‍ക്കുമുള്ള പാരിതോഷികം കണക്കാക്കുകയെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ മുപ്പതിന് പൊതുമാപ്പ് അവസാനിക്കും. ഇതിനു മുമ്പായി മുഴുവന്‍ നിയമ ലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."