ശബരിമല കോടതിവിധി: എ.പി ജോയിയുടെ വാര്‍ത്താചിത്രം ചര്‍ച്ചയാവുന്നു
ഏറ്റുമാനൂര്‍: 1993ലാണ് യുവതികളായ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവുണ്ടാകുന്നത്. അതും പത്രങ്ങളില്‍ വന്ന ഒരു വിവാദ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍. പ്രായഭേദമെന്യേ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധി ഇന്നലെ വന്നതോടെ 28 വര്‍ഷം മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ വാര്‍ത്താ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 1990ല്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ചന്ദ്രികക്കുട്ടിയുടെ പേരക്കുട്ടിയ്ക്ക് സന്നിധാനത്തില്‍ വെച്ച് ചോറൂണ് നടത്തിയതിന്റെ ചിത്രമായിരുന്നു അത്. ചന്ദ്രികക്കുട്ടിയുടെ യുവതിയായ മകളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തത് കോട്ടയത്തെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായിരുന്ന എ.പി ജോയി എടുത്ത ഈ ചിത്രത്തിലൂടെയാണ് പുറം ലോകമറിഞ്ഞതും സംഭവം ഏറെ വിവാദമാകുകയും ചെയ്തത്.
അന്ന് കോട്ടയത്ത് അച്ചടിക്കാത്ത പത്രങ്ങള്‍ ജോയി എടുക്കുന്ന ചിത്രങ്ങള്‍ ഏറെ ഉപയോഗിച്ചിരുന്നു. മലയാളത്തിലെ ഏതാനും പത്രങ്ങള്‍ക്കൊപ്പം രണ്ട് ഇംഗ്ലീഷ് പത്രങ്ങളിലും ഈ ചിത്രം അച്ചടിച്ചു വന്നതും തുടര്‍ന്ന് സംഭവം വിവാദമായതും ജോയി ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. വിശ്വഹിന്ദു പരിഷത്താണ് സംഭവം കോടതിയില്‍ എത്തിച്ചത്. അങ്ങനെ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്തെത്തുന്നത് വിലക്കി ഹൈക്കോടതി വിധിയുണ്ടായി. ഇതിനുശേഷം പത്ത് വര്‍ഷം മുന്‍പ് ഒരു മലയാളം പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോടൊപ്പം നല്കിയ തന്റെ പഴയ ചിത്രം സുപ്രിംകോടതി വിധി പറയാനിരിക്കെ കഴിഞ്ഞ ദിവസം ജോയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."