കെ.എം.എം.എല്‍; ആര്‍.എസ്.പി ചവറയില്‍ നടത്തുന്നത് കള്ള പ്രചരണം: സി.പി.എം
ചവറ: ആര്‍.എസ്.പി ചവറയില്‍ നടത്തുന്നത് കള്ള പ്രചരണമാണെന്ന് സി.പി.എം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും വന്‍ പരാജയമാണ് ആര്‍.എസ്.പി ചവറയില്‍ ഏറ്റുവാങ്ങിയത്. ഇതിനു ശേഷം ജനങ്ങളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ വെപ്രാളമാണ് സി.പി.എമ്മിനെതിരായി നടത്തുന്ന കള്ള പ്രചാരണത്തിന് പിന്നിലുള്ളതെന്ന് ഏരിയാ സെക്രട്ടറി ടി മനോഹരന്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം.എം.എല്ലിലെ നിയമനങ്ങള്‍ക്ക് വില നിശ്ചയിച്ച് നടപ്പാക്കിയതും ലാപ്പാ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതിരുന്നതും ഫാക്ടറിയെ നഷ്ട്ടത്തിലാക്കി. സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കച്ചകെട്ടി നടന്നതും ഖനന മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങളും ഇവിടുത്തെ തൊഴിലാളികളും ജനങ്ങളും മറന്നിട്ടില്ല.
ഐ.ആര്‍.ഇ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ കാലാവധി നാലുവര്‍ഷം കഴിഞ്ഞിട്ടും ചെറുവിരല്‍ പോലും അനക്കുവാന്‍ ആര്‍.എസ്.പി തയ്യാറായിട്ടില്ല. ഒടുവില്‍ സി.ഐ.റ്റി.യുവിന്റെ നേതൃത്വത്തില്‍ ഇതര ട്രേഡ് യൂനിയനുകളെ യോജിപ്പിച്ചു 52 ദിവസക്കാലം നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരത്തിനൊടുവില്‍ 12 ശതമാനം ശമ്പള വര്‍ധനവ് നേടിയെടുക്കാന്‍ കഴിഞ്ഞതും ഐ.ആര്‍.ഇ തൊഴിലാളികളും കുടുംബങ്ങളും ഒരിക്കലും മറക്കില്ല. കമ്പനി മാനേജ്‌മെന്റുമായി ചേര്‍ന്ന് തൊഴിലാളി സമരത്തെ തകര്‍ക്കുവാനാണ് ആര്‍.എസ്.പി ശ്രമിച്ചതെന്നും രാജമ്മാ ഭാസ്‌ക്കരന്‍, ആര്‍ രവീന്ദ്രന്‍, പി.കെ ഗോപാലകൃഷ്ണന്‍, എന്‍.വി വിക്രമകുറുപ്പ്, സലാം പണിക്കത്ത്, എല്‍ വിജയന്‍നായര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."