തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും തട്ടകങ്ങളില്‍ കോണ്‍ഗ്രസിനു തിരിച്ചടി
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെയും എ.കെ ആന്റണിയുടെയും തട്ടകങ്ങളില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി.ജെ.പി അക്കൗണ്ട് തുറന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ പഴികേട്ട മുന്‍മന്ത്രി കെ. ബാബുവിന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി.
ആന്റണിയുടെ ജന്മദേശമായ ചേര്‍ത്തല നഗരസഭയില്‍ ആദ്യമായിട്ടാണ് ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്. നാലുതവണ കൗണ്‍സിലറായ കോണ്‍ഗ്രസിലെ ജനാര്‍ദ്ദന പൈയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ബി.ജെ.പിയിലെ ബി.ജ്യോതിഷ് 134 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചേര്‍ത്തല നഗരസഭയില്‍ താമര വിരിയിച്ചത്. സ്വതന്ത്രനായിരുന്ന എം. ജയശങ്കര്‍ രാജിവച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് വന്നത്. എല്‍.ഡി.എഫിലെ ഗോപിനാഥപൈ ആയിരുന്നു രണ്ടാം സ്ഥാനത്ത്. 19 അംഗങ്ങളുള്ള യു.ഡി.എഫ് സ്വതന്ത്രന്റെ പിന്തുണയോടെയാണ് ചേര്‍ത്തല നഗരസഭ ഭരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തില്‍പ്പെട്ട മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയത്തിലൂടെയാണ് ബി.ജെ.പി നേട്ടം കൊയ്തത്. ഇവിടെ കേരള കോണ്‍ഗ്രസ് മാണിയുമായിട്ടുള്ള ഭിന്നത യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിച്ചതായാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥിയുണ്ടായിട്ടും കോണ്‍ഗ്രസിലെ ലിസി വിജയിച്ച വാര്‍ഡില്‍ കോണ്‍ഗ്രസിലെ സൂസമ്മയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയാണ് 198 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയിലെ സിന്ധു വിജയിച്ചത്. 17 അംഗപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അംഗബലം 12 ഉള്ളതിനാല്‍ ഭരണം നഷ്ടമാകുന്നില്ല.
എന്നാല്‍ തൃപ്പുണിത്തുറയിലെ കെ.ബാബുവിന്റെ വീട് ഇരിക്കുന്ന ഡിവിഷനില്‍ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്. കഴിഞ്ഞ തവണ അഞ്ച് വോട്ടിന് പരാജയപ്പെട്ട കോണ്‍ഗ്രസിലെ ശബരിഗിരീശനാണ് 96 വോട്ടിന് ഇവിടെ ബി.ജെ.പിയില്‍ നിന്ന് സീറ്റ് തിരിച്ചുപിടിച്ചത്. ബി.ജെ.പിയുടെ കൗണ്‍സിലര്‍ വേണുഗോപാലന്‍ മരിച്ചതിനെ തുടര്‍ന്ന് വന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഹതാപവോട്ട് പ്രതീക്ഷിച്ച് ഭാര്യ വിശാലാക്ഷി വേണുഗോപാലിനെയാണ് മത്സരിപ്പിച്ചത്. രാജേഷ് പൈ ആയിരുന്നു ഇടത് സ്ഥാനാര്‍ഥി. ഇതോടെ തൃപ്പുണിത്തുറ നഗരസഭയില്‍ മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയുടെ അംഗബലമായ 12ലേക്ക് തന്നെ കോണ്‍ഗ്രസും എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."