ഹോട്ടലിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ; രാജി അംഗീകരിക്കാത്ത സ്പീക്കര്‍ക്കെതിരേ എം.എല്‍.എമാര്‍ സുപ്രിം കോടതിയില്‍, ഓരോ നിമിഷവും വാര്‍ത്ത സൃഷ്ടിച്ച് കര്‍ണാടക രാഷ്ട്രീയം
ബംഗളൂരു: അനുദിനം ഓരോ നിമിഷവും വാര്‍ത്തകളില്‍ ഇടം നേടി കര്‍ണാടക രാഷ്ട്രീയം. ഒടുവിലായി എം.എല്‍.എമാര്‍ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടതിനനുസിച്ച് ഹോട്ടലിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 12 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സ്ഥലത്ത് ക്യാംപ് ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനോട് തിരിച്ചുപോകാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലിസുകാര്‍ പറഞ്ഞു. ഡി.കെ ശിവകുമാറിനെതിരേ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിച്ചിരുന്നു. തുടര്‍ന്ന് ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് പൊലിസിന്റെ ഭാഷ്യം.
കര്‍ണാടക സ്പീക്കര്‍ക്കെതിരേ വിമത എം.എല്‍.എമാര്‍ സുപ്രിംകോടതിയെ സമീപിച്ചതും കര്‍ണാടകയില്‍ നിന്നുള്ള പുതിയ വാര്‍ത്തയായി.
തങ്ങളുടെ രാജി സ്വീകരിക്കുന്നത് നീട്ടിക്കൊണ്ടുപോകുകയാണെന്നും സ്പീക്കര്‍ ഭരണഘാടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രിം കോടതി നാളെ പരിഗണിക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിക്കുന്നതിന് മുന്‍പ് 13 എം.എല്‍.എമാര്‍ രാജി സമര്‍പിച്ചിരുന്നു. നേരിട്ട് രാജി നല്‍കിയിട്ടില്ല എന്ന സാങ്കേതിക വശം ഈ ആരോപണത്തിനെതിരായി സ്പീക്കര്‍ക്ക് പറയുന്നുണ്ടെങ്കിലും അത് കോടതി പരിഗണിക്കേണ്ട വിഷയമാണെന്നാണ് വിമത എം.എല്‍.എമാരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."