ലിബിയന്‍ തീരത്ത് രക്ഷകനായി 'അലന്‍ കുര്‍ദി'; രക്ഷിച്ചത് 44 അഭയാര്‍ഥികളെ
ട്രിപ്പോളി: അഭയാര്‍ഥി ബോട്ടുകള്‍ മറിഞ്ഞുള്ള അപകടം പതിവായ മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അഭയാര്‍ഥി ബോട്ടുകള്‍ക്ക് രക്ഷകനായി അലന്‍ കുര്‍ദി കപ്പല്‍. ലിബിയന്‍ തീരത്ത് അപകടത്തില്‍ പെട്ട മരം കൊണ്ടുള്ള ബോട്ടില്‍ നിന്ന് നവജാത ശിശുവടക്കം 44 പേരെയാണ് 2015 സപ്തംബറില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി മരിച്ച മൂന്നു വയസുകാരനായ സിറിയന്‍ ബാലന്‍ അലന്‍ കുര്‍ദിയുടെ പേരിലുള്ള കപ്പല്‍ രക്ഷിച്ചത്.
രക്ഷപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും അവരുടെ മൂന്നു മക്കളും ഉള്‍പ്പെടുന്നു. ഇതില്‍ ഒരു കുഞ്ഞിന് 15 മാസമേ പ്രായമുള്ളൂ. മൂന്നും അഞ്ചും വയസുള്ളവരാണ് മറ്റു രണ്ടു കുട്ടികള്‍. ബോട്ടിലുണ്ടായിരുന്നവര്‍ സിറിയ, പാകിസ്താന്‍, ബംഗ്ലാദേശ്, ഗ്വിനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞയാഴ്ച യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ തകര്‍ന്ന് അപകടത്തില്‍ പെട്ട 65 പേരെ അലന്‍ കുര്‍ദി രക്ഷിച്ചിരുന്നു.
അഭയാര്‍ഥികളെ രക്ഷിക്കുന്നതിനായി മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ജര്‍മന്‍ കപ്പലിന് തുര്‍ക്കി തീരത്ത് സിറിയന്‍ ബാലനായ അലന്‍ കുര്‍ദിയെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പേരു മാറ്റിയത്. കപ്പലിന് തന്റെ മകന്റെ പേരു കൊടുത്തതില്‍ വളരെ സന്തോഷവാനാണെന്ന് അലന്‍ കുര്‍ദിയുടെ പിതാവ് അബ്ദുല്ലാ കുര്‍ദി പറഞ്ഞിരുന്നു.
കാനഡയിലേക്ക് കുടിയേറുന്നതിനായി സിറിയയില്‍ നിന്ന് യാത്ര ചെയ്യുന്നതിനിടെ അലന്‍ കുര്‍ദിയുടെ കുടുംബം സഞ്ചരിച്ച അഭയാര്‍ഥി ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."