അംഗീകൃതമല്ലാത്ത വിദ്യാലയങ്ങള്‍ പൂട്ടാനുള്ള തീരുമാനത്തിെനതിരേ പ്രക്ഷോഭം
കോഴിക്കോട്: സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത വിദ്യാലയങ്ങള്‍ അടച്ച് പൂട്ടാനുള്ള തീരുമാനത്തിനെതിരേ യോജിച്ച പ്രക്ഷോഭത്തിന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കോഴിക്കോട്ട് വിളിച്ച് ചേര്‍ത്ത വിദ്യാലയ മേധാവികളുടെ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. അംഗീകാരമുള്ള മത-ധര്‍മ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍ എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചില അധ്യാപക സംഘടനകളുടെ എതിര്‍പ്പ് മാത്രം മുന്നില്‍ കണ്ട് ഇവയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ കാണാന്‍ തീരുമാനിച്ചു. മത - സാമുദായിക നേതാക്കള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെ കണ്ട് നിവേദനം നല്‍കും. ജൂണ്‍ 10ന് കോഴിക്കോട്ട് പ്രതിഷേധ സംഗമവും കണ്‍വന്‍ഷനും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.പി.മുഹമ്മദലി ഹാജി അധ്യക്ഷനായി. ഫാദര്‍ സിബി സെബാസ്റ്റ്യന്‍ (കോതമംഗലം), അബ്ദുല്‍ വഹാബ്(കടന്നമണ്ണ), ഫാദര്‍ റിജി കോലാണിക്കല്‍(വെളങ്കോട്), സത്താര്‍ കുറ്റൂര്‍(വേങ്ങര), അഹമ്മദ് പുന്നക്കല്‍, ബി.സൈതലവി(കോഴിക്കോട്), പി.ടി.ഹൈദരലി താഴേമണ്ണ, നിജിന്‍ മെന്‍ഡോസ, നടുക്കണ്ടി അബൂബക്കര്‍, കെ.പി.സുബൈര്‍ നെല്ലിക്കാപ്പറമ്പ്, സി.പി.അബ്ദുല്ല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."