അലിംഗം; ഒരു നായികാനടന്റെ ജീവിതനടനം
കുരനാശാന്റെ 'കരുണ' നാടകമായി അവതരിപ്പിക്കാനുള്ള ഓച്ചിറ വേലുക്കുട്ടി എന്ന നടന്റെ ശ്രമങ്ങള്‍, ആശാന്റെ പത്‌നി ആയിരം രൂപ പ്രതിഫലമായി ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ പെട്ട്, പ്രശ്‌നത്തിലാകുന്നു.
അന്നോളം കടന്നുവന്ന വിവിധ നാടകവേദികള്‍, സഹകരിച്ചു പ്രവര്‍ത്തിച്ച സംഘാടകര്‍, എന്നിവയില്‍ നിന്നെല്ലാം, മാറി ചിന്തിച്ചുകൊണ്ട്, പുതിയ രൂപത്തിലും ഭാവത്തിലും നാടകത്തെ കൊണ്ടുവരണം എന്ന വേലുക്കുട്ടിയുടെ ചിന്തയാണ് കരുണയുടെ നാടകാവിഷ്‌കാരമെന്ന ആശയത്തിലെത്തുന്നത്. സ്വയം പ്രൊപ്രൈറ്റര്‍ കൂടിയായ വേലുക്കുട്ടി, നാടക സമിതിയുടെ ദാരിദ്ര്യാവസ്ഥയില്‍ നിന്നുകൊണ്ട് അത്രയും പണം എങ്ങനെ ഒപ്പിക്കും എന്നോര്‍ത്തുകൊണ്ട്, അമ്മാവനും തന്നെ നടനത്തിന്റെ അത്ഭുതലോകത്തിലേക്ക് കൈപിടിച്ചു നടത്തിയതുമായ കുട്ടീശ്വരന്റെ അടുക്കല്‍ വിഷമാവസ്ഥ അവതരിപ്പിക്കുന്നു.
നാടകമഭിനയമെല്ലാം നിര്‍ത്തിവച്ച്, ഏതാണ്ടൊരു വിശ്രമാവസ്ഥയില്‍ ക്ഷീണിതനായി കഴിയുകയാണ് അദ്ദേഹം. അഞ്ച് രൂപയൊക്കെ, ഒരു നടന് പ്രതിഫലം കണക്കാക്കുന്ന കാലമാണ്. ആയിരം രൂപ വലിയൊരു തുകയുമാണ്.
വലിയൊരു കിഴിക്കെട്ടു പണം വേലുക്കുട്ടിയെ ഏല്‍പ്പിച്ചു കൊണ്ട് 'ഇതാ ആയിരവുമുണ്ട്' എന്നവര്‍.
തുടര്‍ന്ന്, 'നാടകമുണ്ടാകണം വേലു. നാടകക്കാരന് അതല്ലാതെ മറ്റെന്താണ് ആഗ്രഹിക്കാനാകുക' എന്ന് പറഞ്ഞ് പണം വാങ്ങാന്‍ മടിച്ചുനിന്ന അയാള്‍ക്കു പണമേല്‍പ്പിക്കുന്നു. ഇത് 'അലിംഗം' എന്ന നോവലിന്റെ പകുതി കടന്നുകഴിഞ്ഞുള്ള ഭാഗത്തു വരുന്ന ഒരു സന്ദര്‍ഭമാണ്.
അന്നുവരെയുള്ള വേലുക്കുട്ടിയുടെ ജീവിതമാണ് ആദ്യ ഭാഗത്ത്. സ്ത്രീകളുടേതു പോലെയുള്ള ആകാരവും സൗന്ദര്യവും നാടകങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളാകാനുള്ള വഴിത്തിരിവാകുന്നു. മനസുകൊണ്ട് പുരുഷനായിരിക്കുമ്പോഴും രാജപ്പാര്‍ട്ട് വേഷങ്ങള്‍ ആടണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴും വേലുക്കുട്ടിയെ ശരീരഭാഷ ചതിക്കുന്നു. 'നായികാ നടന്‍' എന്ന നിലയില്‍ വേലുക്കുട്ടി പേരെടുക്കുന്നു.
പുരയിലെ ദാരിദ്ര്യവും വിവിധ നാടകവേദികളിലെ അഭിനയവും, അവിടെ കണ്ടുമുട്ടുന്ന നടന്മാരും പരിചയപ്പെടുന്ന നാടകമെഴുത്തുകാരിലൂടെയെല്ലാം അന്നത്തെ ചുറ്റുപാടുകളും ജാതിയും മതവും വിഷയമായി പരാമര്‍ശിക്കപ്പെടുന്നതിനോടൊപ്പം, ആദ്യകാല നാടകവേദികളുടെ വളര്‍ച്ചയും കാലാകാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്നു.
അതിനുമപ്പുറം, ഓച്ചിറ വേലുക്കുട്ടിയുടെ ആത്മഗതങ്ങള്‍, അയാളിലെ നടനെയും പുരുഷനെയും സ്‌ത്രൈണതയെയും വായനക്കാര്‍ക്കു മുന്‍പില്‍ പങ്കുവയ്ക്കുന്നു. കുമാരനാശാന്റെ കരുണ പുതിയൊരു പരീക്ഷണമായിരുന്നു. കെട്ടിലും മട്ടിലും കഥാപാത്രങ്ങളിലും, കണ്ടു പരിചയിച്ച നാടകങ്ങളില്‍ നിന്നും പാടേ വ്യത്യസ്തം. പക്ഷേ, ജനകീയമാകാന്‍ ആ മാറ്റത്തിന് ഒട്ടേറെ സമയം കാത്തിരിക്കേണ്ടി വന്നു. പിന്നീടതൊരു ജൈത്രയാത്രയുടെ തുടക്കമായി. പണമായും പ്രശസ്തിയായും വേലുക്കുട്ടിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകുന്നു.
ഒരു കാലക്രമം പാലിക്കാന്‍ നോവലിസ്റ്റ് എഴുത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. രോഗശയ്യയിലായ വേലുക്കുട്ടി, അയാളുടെ ജീവിതം തന്നെ ഒരു നാടകമായി എഴുതാന്‍ തീരുമാനിക്കുന്നു. അയാളുടെ ഓര്‍മകളിലൂടെ പുരോഗമിക്കുന്ന നാടക രചനയെന്നോണമാണ് നോവലിന്റെ ആഖ്യാനം.
അന്ത്യനാളുകളില്‍ രോഗാതുരനായ വേലുക്കുട്ടി ഓര്‍ത്തെടുക്കുന്ന കാര്യങ്ങളായി അവതരിപ്പിക്കുന്നതിന്റ അവസരം കൈയിലെടുത്ത്, ഓര്‍മക്കുറവായും രോഗപീഡയുടെ അസ്വസ്ഥതയായും ചില സംഭവങ്ങളുടെ വിവരണത്തില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്. 'ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല' എന്ന് വേലുക്കുട്ടി പരിതപിക്കുന്നുണ്ട്. എങ്കിലുമയാള്‍, പുറപ്പെട്ട് പോയി ബദരീനാഥിലെത്തുന്നതും, ഒട്ടേറെ തിരിച്ചറിവുകള്‍ക്കൊടുവില്‍ 'ശിവപ്രസാദ്' എന്ന നാമം സ്വീകരിച്ച് തിരിച്ചെത്തുന്നതും ഓര്‍മിക്കുന്നു.
മദ്യത്തിനടിമപ്പെട്ട് പലപ്പോഴും അടി തെറ്റുന്നു. തടിച്ചുവരുന്ന ശരീരം, പെണ്‍വേഷങ്ങള്‍ക്കിണങ്ങാതെ വരുന്നു. നാല്‍പത്തിനാലാം വയസില്‍, സ്വരം നന്നായിരിക്കേ പാട്ടു നിര്‍ത്താമെന്നുള്ള വിചാരത്തില്‍ നാടകവേദിയോട് വിടപറഞ്ഞ വേലുവിനെ, ദാരിദ്ര്യം വീണ്ടും അഭിനയത്തിലോട്ട് ക്ഷണിക്കുന്നു. ഉദയാ സ്റ്റുഡിയോയുടെ നല്ല തങ്ക സിനിമയില്‍ നായികയായഭിനയിക്കാന്‍ ക്ഷണം സ്വീകരിച്ചെത്തിയെങ്കിലും മറ്റു സ്ത്രീ കഥാപാത്രങ്ങളുടെ എതിര്‍പ്പുമൂലം നടക്കാതെ വരികയും അവിടെത്തന്നെ ട്യൂട്ടറായി മാസവരുമാനത്തില്‍ തുടരുകയും ചെയ്യുന്നു. മിസ് കുമാരി, പ്രേം നസീര്‍, എസ്.പി പിള്ള തുടങ്ങിയവരെ ഓര്‍മിച്ചെടുക്കുന്നു. മൂന്നാലു വര്‍ഷങ്ങള്‍ക്കു ശേഷം, പ്രമേഹബാധിതനായി ഉദയാ വിടുന്നു.
ആ കാലമായപ്പൊഴേക്കും സ്ത്രീകള്‍ നാടകത്തിലഭിനയിക്കാന്‍ തുടങ്ങിയിരുന്നു. തന്റെ വേഷമായ വാസവദത്ത, ആറന്മുള പൊന്നമ്മ, അഭിനയിക്കുന്നു എന്നയാള്‍ അറിയുന്നു. ഇങ്ങനെ, ഓര്‍മകള്‍ അവസാനിക്കുന്നിടത്തു നിന്ന്, വേലുക്കുട്ടി, ചാരുകസാലയില്‍ പ്രമേഹം അവശനാക്കിയ നിലയില്‍ കിടന്നുകൊണ്ട്, നാടകം എഴുതാന്‍ തുടങ്ങുന്നു. സ്വയം, വാസവദത്തയായി, കസാലയില്‍ കിടക്കുന്ന വേലുക്കുട്ടിയുടെ കണ്ണുകള്‍, ഉപഗുപ്തനെ തിരയുന്ന രംഗം ഒന്ന്. ഉപഗുപ്തന്‍ ആഗതനാകുകയും, അയാളുടെ കരുണാര്‍ദ്രമായ വാക്കുകള്‍ക്കൊടുവില്‍, വാസവദത്ത എന്ന വേലുക്കുട്ടി, എല്ലാ ഭാരങ്ങളുമൊഴിഞ്ഞ് സ്വതന്ത്രനാകുകയും, നോവല്‍ അവസാനിക്കുകയും ചെയ്യുന്നു.
'സമകാലിക കവിതയെന്നാല്‍
പരിസ്ഥിതി കവിത'
എസ്. ഗിരീഷ് കുമാര്‍/
ദിവ്യ ജോണ്‍ ജോസ്
ജീവിച്ചിരുന്ന ഒരാളെ, ഫിക്ഷനിലൂടെ പുനരവതരിപ്പിക്കുക എന്നത് വളരെയേറെ ശ്രദ്ധ ആവശ്യമുള്ള പ്രക്രിയ ആണ്. സാഹിത്യത്തിന്റെ ചരിത്രത്തില്‍, പ്രശസ്തിയാര്‍ജ്ജിച്ച ചില പുസ്തകങ്ങളും അതിലെ കഥാപാത്രങ്ങളും, അഗത ക്രിസ്റ്റിയുടെ തിരോധാനവുമെല്ലാം പിന്നീട് പല എഴുത്തുകാരുടെയും ഭാവനയില്‍, പല രൂപത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമൂഴത്തിലെ ഭീമനും, 'പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ'യുമൊക്കെ നാം വായിച്ചതാണ്.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് 'അലിംഗം'. കാരണം പ്രധാന കഥാപാത്രമായ ഓച്ചിറ വേലുക്കുട്ടി ജീവിച്ചിരുന്ന ഒരാളായിരുന്നു എന്നതാണ്. ഈ വ്യക്തിയെക്കുറിച്ചറിയാനായി നടത്തിയിട്ടുള്ള ശ്രമങ്ങളറിയാന്‍ വായനക്കാര്‍ക്കും താത്പര്യമുണ്ടാകും.
ജീവിച്ചിരുന്ന വ്യക്തി നോവലില്‍ കേന്ദ്രമാകുമ്പോള്‍ അയാളെ മഹത്വവത്കരിക്കുന്ന രീതി സ്വീകരിക്കുകയാണ് എഴുത്തുകാരന് സുരക്ഷിതം. അത്തരമൊരു രീതിയാണ് പൊതുവെ സ്വീകരിച്ചു കാണാറ്. അലിംഗം വേലുക്കുട്ടി സ്വന്തം ജീവിതം പരിശോധിക്കുന്ന മട്ടിലുള്ളതാണ്. അതില്‍ ജയപരാജയങ്ങളെല്ലാം ഉള്‍പ്പെടും. അവയെല്ലാം ആത്മവിമര്‍ശനപരമായി നോക്കിക്കാണുന്നു.
വേലുക്കുട്ടിയെക്കുറിച്ച് ഇതുവരെ ലഭ്യമാകുന്ന ജീവചരിത്ര കുറിപ്പുകള്‍, മറ്റുള്ളവരുടെ സ്മരണകള്‍ എന്നിവയാണ് റഫറന്‍സുകള്‍. സംഗീതനാടകചരിത്രങ്ങളും പരിശോധിച്ചു. ഓച്ചിറയുടെ ഭൂമിശാസ്ത്രം മനസിലാക്കാന്‍ പലകുറി ആ മേഖലയിലൂടെ സഞ്ചരിക്കുകയും പലരില്‍നിന്നും വേലുക്കുട്ടിയെക്കുറിച്ചുള്ള വാമൊഴികള്‍ ശേഖരിക്കുകയും ചെയ്തു. അതേസമയം അദ്ദേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ നോവലില്‍ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്. ജീവചരിത്രത്തിലെ വിടവുകള്‍ക്കും പൊരുത്തക്കേടുകള്‍ക്കുമാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഉദാഹരണത്തിന്, ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ നാടും വീടും നാടകവുമുപേക്ഷിച്ച് വേലുക്കുട്ടി സന്യസിക്കാന്‍ പോകുന്നുണ്ട്. മടങ്ങിയെത്തിയ വേലുക്കുട്ടി കുറേക്കാലം സന്യാസിയായാണ് ജീവിച്ചത്. പിന്നീടതും ഉപേക്ഷിച്ച് നാടകത്തിലേക്കു മടങ്ങി. അതുവരെയുള്ള സ്വത്വത്തെ കുടഞ്ഞു കളയാനാവില്ലേ, വേലുക്കുട്ടി സന്യാസം തിരഞ്ഞെടുത്തത്? അതിനു സാധിക്കാത്തതുകൊണ്ടാവില്ലേ, വീണ്ടും നായികാവേഷത്തിലേക്കു മടങ്ങിയത്? അതിനിടയില്‍ അദ്ദേഹം വലിയ ആത്മസംഘര്‍ഷം അനുഭവിച്ചിട്ടുണ്ടാവില്ലേ? ഇത്തരം അന്വേഷണങ്ങളാണ് നോവലായത്. ചുരുക്കത്തില്‍ വേലുക്കുട്ടിയുടെ ജാതിസ്വത്വം, ലിംഗസ്വത്വം എന്നിവ അദ്ദേഹത്തിലെ നടനെയും വ്യക്തിയെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. അതുപോലെ വേലുക്കുട്ടിയുടെ ജീവിതസമര്‍പ്പണത്തിന്മേലാണ് മലയാളനാടകചരിത്രം കെട്ടിയുയര്‍ത്തപ്പെട്ടത്. എന്നിട്ടും അര്‍ഹമായ പ്രാധാന്യം കേരളീയസമൂഹം അദ്ദേഹത്തിനു നല്‍കിയില്ല. സംഗീതനാടക അക്കാദമി ഹാളില്‍ വേലുക്കുട്ടിയുടെ ഒരു ചിത്രം ഉണ്ടായിരുന്നതുപോലും പില്‍ക്കാലത്ത് എടുത്തു മാറ്റപ്പെട്ടു. അങ്ങനെയൊക്കെ അവഗണിക്കപ്പെട്ട ഒരു കലാകാരനോടുള്ള ആദരവാണ് അലിംഗം നോവല്‍.
ജീവചരിത്രനോവല്‍ എന്ന നിലയിലല്ല, അലിംഗം വിഭാവന ചെയ്തിട്ടുള്ളത്. നാടകചരിത്രം, സാമൂഹികചരിത്രം, ദേശചരിത്രം എന്നിവയ്ക്കുള്ളിലാണ് വേലുക്കുട്ടിയുടെ ജീവചരിത്രമുള്ളത്. അത്തരത്തില്‍ നോവല്‍ വായിക്കപ്പെടുകയും തുടര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എസ്.ആര്‍ ലാലിന്റെ പുറത്തിറങ്ങാന്‍ പോകുന്ന നടന്‍ ജയനെക്കുറിച്ചുള്ള നോവല്‍, ടി.കെ അനില്‍കുമാറിന്റെ ഞാന്‍ വാഗ്ഭടാനന്ദന്‍ തുടങ്ങിയ നോവലുകള്‍ക്കൊക്കെ അലിംഗം പശ്ചാത്തലമായിട്ടുള്ളതായി എനിക്കു തോന്നുന്നു. അല്ലെങ്കില്‍ പൂരിപ്പിക്കലുകള്‍ ഉണ്ടാവുന്നതായി മനസിലാക്കുന്നു. ജീവചരിത്രനോവല്‍ രചനയില്‍ മലയാളം മാറിചിന്തിച്ചു തുടങ്ങുന്നു എന്നതിന്റെ സൂചനയാണിത്. ചാരിതാര്‍ഥ്യമുളവാക്കുന്ന സംഗതിയുമാണത്.
വേലുക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് മാത്രമല്ല; ബാല നാടകവേദികള്‍, മലയാള നാടക രംഗത്തിന്റെ തുടക്ക സമയങ്ങളിലുണ്ടായ പ്രവര്‍ത്തനങ്ങള്‍, തമിഴ് നാടകങ്ങളുടെ സാന്നിധ്യം, ഇംഗ്ലീഷ് കൃതികളില്‍ നിന്നു മലയാള നാടകങ്ങള്‍ ഉണ്ടാകുന്നത്, അന്നത്തെ ആളുകളുടെ ആസ്വാദനം തുടങ്ങിയവയെല്ലാം തന്നെ പറഞ്ഞുതരുന്നുണ്ട് ഈ നോവല്‍. വര്‍ഷങ്ങള്‍ക്കു പുറകില്‍ നിന്ന് ഇത്തരമൊരു ചരിത്രം വീണ്ടെടുത്താവിഷ്‌കരിക്കുമ്പോള്‍, ഒട്ടേറെ അന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നത് പകല്‍പോലെ തെളിച്ചമുള്ള വസ്തുതയാണ്. ഇതിനെല്ലാം സഹായിച്ച റഫറന്‍സുകളെപ്പറ്റി പറയാമോ?
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ നാടകചരിത്ര ഗ്രന്ഥങ്ങളും സ്മരണകളും ആത്മകഥകളുമാണ് പ്രധാന റഫറന്‍സ്. പഴയ തലമുറയിലെ നാടകാസ്വാദകരില്‍നിന്ന് നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അവയൊന്നും അതേപടി നോവലില്‍ ഉപയോഗിച്ചിട്ടില്ല. ഭാവനയിലൂടെ പുനരാവിഷ്‌കരിക്കുകയാണ് ചെയ്തിട്ടുള്ളത്. വേലുക്കുട്ടിയുടെ അമ്മാവന്‍ കുട്ടീശ്വരന്‍ അദ്ദേഹത്തെ ബാലനടനസഭയില്‍ ചേര്‍ത്തുവെന്നേ ജീവചരിത്രം പരിശോധിച്ചാല്‍ കാണാനാവൂ. കടയ്ക്കാവൂര്‍ സഹൃദയാനന്ദിനി ബാലനടനസഭയില്‍ വേലുക്കുട്ടിയെ ചേര്‍ത്തു എന്നതൊക്കെ ഭാവനയാണ്. അതിലൂടെ കുഞ്ഞുകൃഷ്ണപ്പണിക്കരെന്ന ആദ്യകാല നാടകപ്രവര്‍ത്തകനെയും ഓര്‍മയിലേക്കു കൊണ്ടുവരാനായി. അതുപോലെ ചേര്‍ത്തല കെ.എസ് ആന്റണിയെയൊക്കെ ബോധപൂര്‍വ്വം കൊണ്ടുവന്നിട്ടുള്ളതാണ്. ആന്റണിയാശാന്റെ നാടകസമിതിയുടെ പേരുപോലും ഇന്ന് അജ്ഞാതമാണ്. അങ്ങനെ നോക്കുമ്പോള്‍ റഫറന്‍സുകള്‍ നോവലിന്റെ ബാഹ്യപശ്ചാത്തലത്തില്‍ എവിടെയൊക്കെയോ കിടക്കുകയാണ്.
ഒരു ട്രാന്‍ജന്‍ഡര്‍ സ്വത്വ പ്രതിസന്ധി, പാര്‍ശ്വവല്‍ക്കരണം, സെക്ഷ്വല്‍ ഓറിയന്റേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ നോവല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഗേ വിവാഹങ്ങള്‍ നിയമസാധുതയുള്ളതാക്കുകയും ട്രാന്‍സ്ജന്‍ഡര്‍ കുട്ടികളുടെ യൂനിഫോം മുതല്‍, ടോയ്‌ലറ്റുകള്‍ വരെ എങ്ങനെയായിരിക്കണം എന്ന രീതിയില്‍ നിയമ നിര്‍മാണത്തില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന രീതിയില്‍ ലോകത്തിലെ പല രാജ്യങ്ങളും മുന്നോട്ടുപോയിരിക്കുന്നു.
കേരളത്തില്‍, ഈയൊരു വിഷയവുമായി ബന്ധപ്പെട്ട് പലപ്പോഴും സുഖകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുന്നു. വിദ്യാലയങ്ങളില്‍, ലൈംഗിക വിദ്യാഭ്യാസത്തില്‍, ട്രാന്‍സ്ജന്‍ഡര്‍, സ്വവര്‍ഗ രതി, sexual Orientation, sexual Identification എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു അധ്യാപകന്‍ കൂടിയായ ഗിരീഷ് എങ്ങനെ വിലയിരുന്നു?
ഓച്ചിറ വേലുക്കുട്ടി ഒരു ട്രാന്‍സ്‌ജെന്‍ഡറായിരുന്നു എന്നു പറയുക വയ്യ. നോവലില്‍ ഒരിടത്തും അങ്ങനെ പറയുന്നില്ല. നോവലിസ്റ്റിന് അതിനുള്ള അധികാരമില്ല എന്നുള്ളതാണ് വാസ്തവം. മറിച്ച്, ജന്‍ഡറുമായി ബന്ധപ്പെട്ട് അദ്ദേഹം ചില സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുണ്ടാവാം എന്ന സാധ്യതയാണ് നോവലായിട്ടുള്ളത്. ആ സാധ്യത ബലപ്പെടുത്തുന്ന കുറേ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടുതാനും. ആണ്‍/പെണ്‍ ലിംഗങ്ങള്‍ക്കപ്പുറമുള്ളതൊന്നും പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാലമാണ് നോവലിലെ കാലം. അതിനാല്‍ ജെന്‍ഡര്‍ നിശ്ചയിക്കാനാവാതെ ജീവിതത്തിലുടനീളം സംഘര്‍ഷത്തിലായ വേലുക്കുട്ടിയാണ് അതിലുള്ളത്. അവിടെ തീര്‍ച്ചകളില്ല.
ജെന്‍ഡറിനെ സംബന്ധിക്കുന്ന സമകാലിക സംവാദങ്ങളില്‍ നിന്നുതന്നെയാണ് നോവലിലേക്ക് എത്തിയിട്ടുള്ളത്. ഇന്നിപ്പം തന്നിലെ ലിംഗസ്വത്വം തീര്‍ച്ചപ്പെടുത്തുന്നതില്‍ വ്യക്തിക്ക് ഏതു ലിംഗത്തോടാണ് മനസ് കൂടുതല്‍ ഐക്യപ്പെടുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നിടത്തേക്ക് ചര്‍ച്ചകള്‍ എത്തിച്ചിട്ടുണ്ട്. വേലുക്കുട്ടിയില്‍ അതു സംഭവിച്ചിരിക്കാന്‍ ഇടയുണ്ടോയെന്നതില്‍ സംശയമുണ്ട്. അതായത് കേരളീയ സമൂഹം ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരുപാട് പുരോഗമിച്ചു എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. അതേസമയം, ലോകത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്നത്ര വേഗത്തിലുള്ള പരിവര്‍ത്തനമല്ല ഇത്. സുഖകരമല്ലാത്ത വാര്‍ത്തകളും ഇടയ്‌ക്കൊക്കെ കേള്‍ക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തില്‍ ലൈംഗികവിദ്യാഭ്യാസവും ലിംഗകല്‍പന സംബന്ധിക്കുന്ന വിശകലനവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നതവിദ്യാഭ്യാസരംഗത്തുപോലും അവഗണിക്കപ്പെടുകയാണ്. ഉന്നതവിദ്യാഭ്യാസം നേടിയ പെണ്‍കുട്ടിപോലും സ്ത്രീവിരുദ്ധയാകുന്നതുകണ്ട് സഹതപിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. ജെന്‍ഡറുമായി ബന്ധപ്പെടുന്ന കലാലയചര്‍ച്ചകള്‍ മാനവികവിഷയങ്ങള്‍ പഠിക്കുന്ന കുട്ടികളുടെ സെമിനാര്‍ വിഷയമായി ചുരുങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ കോളജ് വുമണ്‍ സെല്ലിന്റെ ഏകദിന ശില്‍പശാല. അതിനു മാറ്റം വരണം. സ്‌കൂള്‍ തലം മുതല്‍ എല്ലാ ജെന്‍ഡര്‍ വ്യക്തികളും കൂടിച്ചേര്‍ന്ന് ജെന്‍ഡറിനെക്കുറിച്ച് നിരന്തരപഠനം നടത്തട്ടെ. എല്ലാ ജെന്‍ഡറുകളെയും ചേര്‍ത്ത് മനുഷ്യനായി പരിഗണിക്കാന്‍ അങ്ങനെയേ സാധിക്കൂ. ശരീരം അവനവന്റെ സ്വാതന്ത്ര്യമാണെന്ന് അംഗീകരിക്കുന്നതിലൂടെ സ്വയം സ്വതന്ത്രനാവുകയാണ് ചെയ്യുന്നത്.
മറ്റൊരാളുടെ ശരീരത്തിന്റെ ഉടമ ഞാനാണെന്ന എന്റെ തോന്നലിന് കുഴപ്പമുണ്ടെന്നു തോന്നാത്ത മനുഷ്യര്‍ ഇപ്പോഴും കേരളത്തിലുണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാറ്റം കുറേക്കൂടി വേഗത്തിലാണെന്നത് കാണാതിരിക്കുന്നില്ല. എങ്കില്‍പ്പോലും എത്രവേഗം മാറ്റം കൈവരിക്കാനാവുമോ അത്രവേഗം സാമൂഹിക പുരോഗതി നേടാനാവുമെന്നാണ് എനിക്കു തോന്നുന്നത്. അധ്യാപകനെന്ന നിലയില്‍ ഈ കാഴ്ചപ്പാടോടെ നിരന്തരം സ്വയം പരിഷ്‌കരിക്കുകയും വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ശ്രമിച്ചുവരുന്നു. ബോധത്തിന് മുന്നോട്ടുപോവാനേ കഴിയൂയെന്ന പ്രതീക്ഷ എനിക്കുണ്ട്.
'നായികാ നടന്‍' എന്ന വിശേഷണം കൊണ്ടാണ്, പെണ്‍വേഷമഭിനയിക്കുന്ന ഓച്ചിറ വേലുക്കുട്ടി അറിയപ്പെടുന്നത്. ഇത് യഥാര്‍ഥത്തില്‍, അക്കാലത്ത് പെണ്‍വേഷമഭിനയിക്കുന്ന നടന്മാരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്നതാണോ? എങ്ങനെയാണ് ഈ വിശേഷണം കണ്ടെത്തിയത്?
പെണ്‍വേഷം കെട്ടിയിരുന്ന നടന്മാരെ അക്കാലത്ത് നായികാനടന്‍ എന്നു തന്നെയാണ് വിളിച്ചിരുന്നത്. പഴയ നോട്ടീസുകളിലും നാടക ചരിത്രത്തിലുമൊക്കെയത് രേഖപ്പെടുത്തിയിട്ടുണ്ട്. നായികയായി നടിക്കുന്ന നടനാണ് നായികാനടന്‍. നടനില്‍ പെണ്ണത്തം എത്രത്തോളമുണ്ടെന്നതിന് അനുസരിച്ചാണ് അരങ്ങിലെ അയാളുടെ വിജയം. അതേസമയം അരങ്ങില്‍നിന്ന് സ്ത്രീകളെ പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തിയിരുന്ന സാമൂഹികപശ്ചാത്തലവും അതിനു പിന്നിലുണ്ട്.
പാരിസ്ഥിതിക മന:ശാസ്ത്രം, ജീവിതാനന്ദം തേടുന്നവര്‍ക്കായി എന്ന ഗിരീഷിന്റെ ഒരു ലേഖനം വായിക്കാനിടയായി. കേവലം പ്രകൃതിസംരക്ഷണമെന്നതിനപ്പുറം പരിസ്ഥിതി മന:ശാസ്ത്രം എന്ന വിഷയമാണതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കൂട്ടത്തില്‍ ചോദിക്കട്ടേ, കേരളത്തില്‍ സുഗതകുമാരിയും വിഷ്ണു നാരയണന്‍ നമ്പൂതിരിയും മറ്റും തങ്ങളുടെ കൃതികളിലൂടെ, തുടങ്ങിവച്ച പരിസ്ഥിതി സംരക്ഷണമെന്ന ആശയം, സൈലന്റ് വാലി പ്രക്ഷോഭത്തോടെ കരുത്താര്‍ജ്ജിച്ച അവബോധം, മറ്റ് സാഹിത്യകാരന്മാരിലൂടെ തുടര്‍ന്നുകൊണ്ടേയിരുന്നു. ഹരിത നിരൂപണം എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒട്ടേറെ കൃതികള്‍ മലയാളത്തിലുണ്ടായി. ഈയൊരു സാഹിത്യ വിഭാഗത്തെക്കുറിച്ച് ഗിരീഷിന്റെ നിരീക്ഷണങ്ങള്‍ വിവരിക്കാമോ?
എഴുപതുകള്‍ക്കു ശേഷമാണ് പരിസ്ഥിതി സംരക്ഷണമെന്ന ആശയപ്രചാരണത്തിന് സാഹിത്യം ബോധപൂര്‍വ്വം മാധ്യമമായി സ്വീകരിക്കപ്പെടുന്നത്. സുഗതകുമാരിയും വിഷ്ണു നാരായണന്‍ നമ്പൂതിരിയുമൊക്കെ ഈ ആശയ പ്രചരണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളവരാണ്. കാടെവിടെ മക്കളെ എന്ന അയ്യപ്പപ്പണിക്കരുടെ ചോദ്യത്തിന് സൈലന്റ് വാലി പ്രക്ഷോഭപശ്ചാത്തലം ചേരുമ്പോള്‍ കൂടുതല്‍ രാഷ്ട്രീയം കൈവരുന്നുണ്ട്. അതുപോലെ മുടിയരുതെന്റെ മലനാട് എന്നു പറയുന്നിടത്ത് കടമ്മനിട്ടയും പരിസ്ഥിതിയോടു ചേര്‍ന്നുനില്‍ക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കു ശേഷം വന്ന കവികളും കഥാകാരന്മാരുമൊക്കെ പരിസ്ഥിതിദര്‍ശനം വ്യത്യസ്ത തലങ്ങളിലേക്കു പരിവര്‍ത്തനപ്പെടുത്തുന്നുണ്ട്. മലയാളത്തിലെ സമകാലിക കവിതയെന്നാല്‍ പരിസ്ഥിതി കവിതയെന്നു വിളിക്കാവുന്ന തലത്തിലേക്കുവരെ എത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അതിനര്‍ഥം പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു എന്നാണ്. ഈ പ്രശ്‌നം സംബോധന ചെയ്യുകയാണ് ഹരിതനിരൂപണം ചെയ്യുന്നത്. മലയാളത്തിലെ ഹരിതനിരൂപണം സമ്പന്നമാണെന്നുതന്നെ പറയാം. അതില്‍ ഏറ്റവും അവസാനം ഉണ്ടായിട്ടുള്ള കൂട്ടിച്ചേര്‍ക്കലാണ് പാരിസ്ഥിതിക മന:ശാസ്ത്രം.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് മന:ശാസ്ത്രപരമായ കാരണങ്ങളുമുണ്ടെന്നു വ്യക്തമാക്കുകയാണ് പാരിസ്ഥിതിക മന:ശാസ്ത്രം ചെയ്യുന്നത്. മന:ശാസ്ത്രത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും പുതിയ കാഴ്ചപ്പാടുകളാണ് ഈ വിജ്ഞാനശാഖ രൂപപ്പെടുത്തിയിട്ടുള്ളത്. ജെന്‍ഡര്‍ സംബന്ധമായ സംവാദങ്ങള്‍പോലും ഇപ്പോള്‍ പാരിസ്ഥിതിക മന:ശാസ്ത്രത്തിന്റെ പരിധിയില്‍ നടക്കുന്നു. മനുഷ്യമനസില്‍ നടക്കുന്ന ആത്മ/അപരവത്കരണങ്ങള്‍ മാനുഷികമായ വേര്‍തിരിവുകളോടൊപ്പം പരിസ്ഥിതിയെയും വേര്‍തിരിക്കുന്നിടത്താണ് അടിസ്ഥാനപ്രശ്‌നം രൂപപ്പെട്ടിരിക്കുന്നത്. മനസിന്റെ കാമ്പ് എന്നു പറയുന്നത് പരിസ്ഥിതിയാണ്. ആധുനികജീവിതക്രമങ്ങള്‍ മനുഷ്യമനസിലെ പരിസ്ഥിതിയെ അപരവത്കരിക്കുന്നതിലൂടെയാണ് ചൂഷണാധിഷ്ഠിത സംസ്‌കാരം രൂപപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ ആധുനികനാവുകയെന്നതിന് ചൂഷകനാവുക എന്നുകൂടി അര്‍ഥമുണ്ട്. ചൂഷകനാവുകയും ചൂഷണത്തിനിരയാവുകയും ചെയ്യുന്ന വ്യക്തികള്‍ ഒരുപോലെ മാനസിക സമ്മര്‍ദത്തിനടിപ്പെടുന്നു എന്നതാണ് വാസ്തവം. അതില്‍ നിന്നുള്ള സ്വയം മോചനമാര്‍ഗമെന്ന നിലയില്‍ ജീവിതാനന്ദം നല്‍കുന്നതാണ് പാരിസ്ഥിതിക മന:ശാസ്ത്രം. സ്വന്തം ജീവിതാനന്ദം മറ്റുള്ളവര്‍ക്കും പരിസ്ഥിതിക്കും ആനന്ദം പകരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അത്തരമൊരു വിജ്ഞാനശാഖ മലയാളത്തില്‍ പരിചയപ്പെടുത്താനായതില്‍ സന്തോഷമുണ്ട്. ഹരിതനിരൂപണത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ഈ സമീപനം ഉപകരിക്കുമെന്നാണ് പ്രതികരണങ്ങളില്‍നിന്നു മനസിലാവുന്നത്. പരിസ്ഥിതിപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന എഴുത്തുകാരനോടും നിരൂപകനോടും പാരിസ്ഥിതിക മന:ശാസ്ത്രം കൂടുതല്‍ സൂക്ഷ്മത ആവശ്യപ്പെടുന്നുണ്ട്.
അലിംഗത്തിന്റെ വായനയില്‍ പല രംഗങ്ങളുടെയും വിവരണം ഒരു തിരക്കഥാ സ്വഭാവം പ്രകടിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍, ആസ്വാദ്യതയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നതാണ് എനിക്കു തോന്നിയിട്ടുള്ളത്. വായനക്കാരന് മുന്‍പില്‍, ഒരു ചലച്ചിത്രത്തിലെ രംഗമെന്നോണം, കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും കാണാന്‍ കഴിയുന്ന അനുഭവം കൊണ്ടുവരാന്‍ കൂടുതലായും ഇത്തരം എഴുത്തുകള്‍ക്ക് കഴിയും എന്നാണ് തോന്നുന്നത്. ഇതിനെക്കുറിച്ച്?
ശരിയാണ്. ഞാന്‍ കഥ കാണുകയാണ് ചെയ്യുന്നത്. കണ്ടത് പകര്‍ത്തിയപ്പോള്‍ തിരക്കഥാ സ്വഭാവം കൈവന്നതാകാം. ദൃശ്യങ്ങള്‍ അതേപടി അവതരിപ്പിക്കുന്ന രീതി യഥാതഥ നോവലുകളില്‍ കൂടുതല്‍ കാണാം. അലിംഗത്തില്‍ കഥ നടക്കുന്ന കാലം സംവേദനം ചെയ്യാന്‍ ഈ രീതി സഹായിച്ചിട്ടുണ്ട്. ബോധപൂര്‍വ്വം ചെയ്തതല്ല, സംഭവിച്ചു പോയതാണ്. അതു നന്നായി എന്നു കേള്‍ക്കുന്നത് ആശ്വാസം. മറിച്ചുള്ള അഭിപ്രായം ഉള്ളവരും ഉണ്ടാവാം.
പുതിയ എഴുത്തുകള്‍?
അടുത്തുതന്നെ ഇറങ്ങാന്‍ പോകുന്നത് പരിഭാഷാ കൃതിയാണ്. സോഷ്യോ സൈക്കോളജി ഉപയോഗിച്ച് ഇന്ത്യന്‍ മതകലാപങ്ങളുടെ വിശകലനമാണ്. ഡി.സി. ബുക്‌സാണ് പ്രസാധകര്‍. രണ്ടാമത്തെ നോവലിന്റെ ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തീകരിച്ചതാണ് മറ്റൊന്ന്. മിനുക്കുപണികളും തിരുത്തലും നടക്കുന്നു. എന്നത്തേക്ക് പ്രസിദ്ധീകരിക്കാന്‍ ആവുമെന്ന് അറിയില്ല. ആദ്യ നോവലില്‍നിന്ന് എല്ലാത്തരത്തിലും വേറിട്ടതൊന്നാവണം അടുത്ത നോവലെന്ന് ആഗ്രഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."