വ്യവഹാര കടമ്പകള്‍ ഒഴിവാക്കാന്‍ ലോക്അദാലത്ത്; പരിഹാരം കാത്ത് ഒന്നരലക്ഷത്തോളം കേസുകള്‍
കൊച്ചി: സാധാരണക്കാര്‍ക്ക് കോടതി വ്യവഹാരങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ള ലോക് അദാലത്ത് ശനിയാഴ്ച നടക്കും. ദേശീയ ലോക് അദാലത്തിന്റെ ഭാഗമായാണിത്.
സംസ്ഥാനത്ത് 345 കേന്ദ്രങ്ങളിലാണ് തീര്‍പ്പാകാതെ കിടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ലോക് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ (കെല്‍സ)മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ ഒന്നര ലക്ഷത്തോളം കേസുകള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്. ഇതുവരെ ഒന്നേകാല്‍ ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചുകഴിഞ്ഞു. കോടതി വ്യവഹാരങ്ങള്‍ക്കുപുറമേ മോട്ടോര്‍ വാഹന അപകട ക്ലെയിം, റവന്യൂ കേസുകള്‍,ആദായ നികുതി, വില്‍പന നികുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകള്‍, വൈദ്യുതി, ജലവിതരണ (മോഷണക്കേസ് ഒഴികെ) വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍, ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള സര്‍വിസ് കേസുകള്‍, സര്‍വേ, അതിര്‍ത്തിത്തര്‍ക്കങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴില്‍ തര്‍ക്കം,സര്‍ഫാസി നിയമപ്രകാരമടക്കമുള്ള ബാങ്ക് ജപ്തി കേസുകള്‍, വൈവാഹിക തര്‍ക്കങ്ങള്‍,പിന്തുടര്‍ച്ചാവകാശത്തര്‍ക്കം തുടങ്ങി വിവിധ മേഖലകളിലുള്ള തര്‍ക്കങ്ങള്‍ ലോക് അദാലത്ത് പരിഗണിക്കും.
ഇവയില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളും ഇനിയും കോടതിയിലേക്ക് എത്തിയിട്ടില്ലാത്ത തര്‍ക്കങ്ങളും ഉള്‍പ്പെടും. സാധാരണക്കാര്‍ കോടതി വ്യവഹാരങ്ങളുടെ നൂലാമാലയില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത് ഒഴിവാക്കുന്നതിനാണ് ദേശീയാടിസ്ഥാനത്തില്‍ ലോക് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. അതാത് കോടതികളിലെ ജഡ്ജിമാര്‍ അദാലത്തിലേക്ക് കേസുകള്‍ ശുപാര്‍ശ ചെയ്യുന്നത് കൂടാതെ, കക്ഷികള്‍ക്കും അദാലത്തില്‍ പരാതി പരിഗണിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സംസ്ഥാനത്ത് ഉടനീളമുള്ള കോടതികളോട് അനുബന്ധിച്ച് തയാറാക്കുന്ന ബൂത്തുകളിലാണ് കേസ് പരിഗണിക്കുന്ന അദാലത്ത് നടക്കുക.നാഷനല്‍ ലോക് അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 13ന് രാവിലെ ഒന്‍പതിന് എറണാകുളം ജില്ലാ കോടതിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം നടന്ന അദാലത്തില്‍ പരിഗണിച്ച 60313 പരാതികളില്‍ 15212 എണ്ണം തീര്‍പ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."