വിദേശയാത്ര, പത്തുവര്‍ഷത്തിനിടെ നാല് വീട്; സക്കീര്‍ ഹുസൈനെതിരായ സി.പി.എം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സി.പി.എം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടി അനുവാദമില്ലാതെ വിദേശയാത്ര നടത്തിയെന്നും അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നുമാണ് കണ്ടെത്തല്‍.
ദുബൈയിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി. നാലു വീടുകള്‍ കളമശേരി മേഖലയില്‍ പത്തുവര്‍ഷത്തിനുളളില്‍ സക്കീര്‍ ഹുസൈന് വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.എം കളമശേരി ബ്രാഞ്ച് സെക്രട്ടറി കെ.കെ ശിവന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
ജില്ലാ കമ്മിറ്റി ശുപാര്‍ശയെത്തുടര്‍ന്ന് സക്കീര്‍ ഹുസൈനെ അടുത്തയിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്വേഷണം നടത്തിയ സി.എം ദിനേശ്മണി, പി.ആര് മുരളി എന്നിവരടങ്ങിയ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
കളമശ്ശേരി ഏരിയ സെക്രട്ടറി ആയിരുന്നസമയം തൊട്ട് സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന് അറസ്റ്റിലായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അതിനുശേഷമാണുണ്ടായത്. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ എളമരം കരീം അധ്യക്ഷനായ പാര്‍ട്ടി കമ്മിഷന് നടത്തിയ അന്വേഷണത്തില്‍ സക്കീര്‍ഹുസൈന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഏരിയാ സെക്രട്ടറി സ്ഥാനം തിരികെ നല്കിയതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."