പൊലിസ് മേധാവിയുടെ തലയറുത്ത സംഭവം: ഫിലിപ്പൈന്‍സില്‍ പട്ടാളനിയമം നടപ്പാക്കി
മനില: പ്രാദേശിക പൊലിസ് മേധാവിയുടെ തലയറുത്ത സംഭവത്തെ തുടര്‍ന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടെ രാജ്യവ്യാപകമായി പട്ടാളനിയമം പ്രഖ്യാപിച്ചു. ആക്രമണം നടന്ന മിന്ദനാവോ ദ്വീപില്‍ നടപ്പാക്കിയ നിയമം രാജ്യത്തൊട്ടാകെ ബാധകമാക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് ഭീകരര്‍ മിന്ദനാവോ ദ്വീപിലുള്ള മറാവി നഗരത്തിലെ പൊലിസ് മേധാവിയുടെ തലയറുത്തത്. ഇതേ തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഇവിടെ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ മറ്റ് മൂന്ന് സുരക്ഷാജീവനക്കാരും കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്നാണ് ദ്വീപില്‍ രണ്ടു മാസത്തേക്ക് സൈനികനിയമം പ്രഖ്യാപിച്ചത്. നഗരത്തില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ നഗരം ഉപേക്ഷിച്ച് മറ്റു നാടുകളിലേക്ക് മാറിപ്പോയിട്ടുണ്ട്.
രാജ്യത്തെ സംരക്ഷിക്കാന്‍ ആവശ്യമായ എന്തു നടപടിക്കും താന്‍ മടിക്കില്ലെന്ന് രാജ്യവ്യാപകമായി പട്ടാളനിയമം പ്രഖ്യാപിച്ച് ഡ്യുട്ടെര്‍ട്ടെ പറഞ്ഞു.
ഭീകരവാദത്തെ അവസാനിപ്പിക്കാന്‍ എന്തു തന്നെ വേണ്ടി വന്നാലും അത് ചെയ്യും. അത് ഒരു വര്‍ഷം വരെ നീണ്ടാലും ഒരു മാസം കൊണ്ട് അവസാനിച്ചാലും സൈന്യം നടപ്പാക്കിയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡ്യുട്ടെര്‍ട്ടെയുടെ ജന്മനാട് കൂടിയാണ് മിന്ദനാവോ. നിലവില്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം അദ്ദേഹം റഷ്യയിലാണുള്ളത്.
മിന്ദനാവോയുടെ സ്വയംഭരണാവകാശം ആവശ്യപ്പെട്ട് ഐ.എസ് ബന്ധമുള്ളതടക്കം ചില പ്രാദേശിക സംഘടനകള്‍ സര്‍ക്കാരുമായുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."