കൊപ്ര ഡയറില്‍ തീപ്പിടിത്തം; 10 ലക്ഷത്തിന്റെ കൊപ്രയും തേങ്ങയും കത്തിനശിച്ചു
സീതാംഗോളി: കാസര്‍കോട് കിന്‍ഫ്ര പാര്‍ക്കിലെ കൊപ്ര ഡയറില്‍ വന്‍ തീപ്പിടിത്തം. കൊപ്ര ഡയര്‍ യൂനിറ്റ് പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കാസര്കോട്ടുനിന്നുമെത്തിയ മൂന്ന് അഗ്നിശമന സേനാ യൂനിറ്റുകള്‍ അഞ്ചു മണിക്കൂര്‍ നേരം കഠിന ശ്രമം നടത്തിയാണ് തീ അണച്ചത്.
സുള്ള്യയിലെ എ.കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് കോക്കോനറ്റ് ഓയില്‍ എന്ന സ്ഥാപനമാണ് പൂര്‍ണമായും കത്തിനശിച്ചത്. തീ ആളിപ്പടരുന്നതു കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാനായിരുന്നില്ല. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്നിശമനസേനാ വിഭാഗമാണ് തീയണച്ചത്. അഗ്നിശമന സേനയെത്തുമ്പോള്‍ കെട്ടിടം മുഴുവനായും തീയാളിപടര്ന്നിരുന്നു.
മറ്റുമേഖലകളിലേക്ക് തീപടരാതിരിക്കന് വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് തീയണക്കല്‍ ആരംഭിച്ചത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്.
കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കൊപ്രയും ഉണക്കാനായി ഇട്ടിരുന്ന തേങ്ങയും അടങ്ങുന്ന പത്തുടണ്‍ വസ്തുവകകള്‍ കത്തിനശിച്ചു. കെട്ടിടവും മേല്‍ക്കൂരയും കത്തിനശിച്ചു. ഏകദേശം 10ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് അഗ്നിശമന സേനാ സ്റ്റേഷന് ഓഫിസര്‍ കെ. അരുണ്‍, ലീഡിങ് ഫയര്മാന് കെ. സതീഷ്, ഫയര്മാന് ഡ്രൈവര്‍ പ്രസീത്, ഫയര്മാന് സജിത്ത് കുമാര്‍, ഹോം ഗാര്‍ഡ് രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം അഗ്നിശമന സേനാംഗങ്ങള്‍ കഠിനപ്രയത്നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കൊപ്ര ഡയറില്‍ തീ പിടിക്കുന്ന സമയത്ത് പത്തോളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉറങ്ങി കിടക്കുകയായിരുന്നു. നാട്ടുകാര്‍ ബഹളം വച്ചെത്തിയപ്പോഴാണ് ഇവര്‍ തീപ്പിടുത്തം അറിഞ്ഞത്.
സീതാംഗോളിയിലെ യോഗീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സീതാംഗോളിയിലെ കൊപ്ര ഡയര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."