തന്നെ പുറത്താക്കിയതിനു പിന്നില്‍ സദാനന്ദ ഗൗഡ: രാജു നാരായണ സ്വാമി
കൊച്ചി: നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു തന്നെ പുറത്താക്കിയത് അഴിമതി കാട്ടിയിട്ടല്ലെന്നും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉള്‍പ്പെടുന്ന സംഘത്തിന്റെ അഴിമതിക്കു കൂട്ടുനില്‍ക്കാഞ്ഞതിനാലാണെന്നും രാജു നാരായണ സ്വാമി. നാളികേര വികസന ബോര്‍ഡ് ചുമതലയിലിരിക്കേ ക്രമക്കേട് നടത്തിയതിനാലാണ് പുറത്താക്കിയതെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക മാണ്ഡ്യയിലെയും ബംഗളൂരുവിലെയും ഓഫിസുകളില്‍ നടന്ന കോടികളുടെ അഴിമതി കണ്ടെത്തിയപ്പോള്‍ കുറ്റക്കാര്‍ക്കെതിരേയുള്ള നടപടി പിന്‍വലിക്കാനാണ് സദാനന്ദ ഗൗഡ ആവശ്യപ്പെട്ടത്.
അതു സാധ്യമല്ലെന്നു പറഞ്ഞത് തന്നോടുള്ള എതിര്‍പ്പിനു കാരണമായി. ബംഗളൂരു ഓഫിസിലെ അഴിമതി സംബന്ധിച്ചു നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്ന സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്തതും മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. അഴിമതിക്കു കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥനെ പുറത്താക്കുകയും അഴിമതിക്കാരെ സര്‍വിസില്‍ നിലനിര്‍ത്തുകയും ചെയ്യാനാണ് മന്ത്രി ശ്രമിച്ചത്. കുറ്റക്കാരെ ഒഴിവാക്കാനാവശ്യപ്പെട്ടുകൊണ്ട് നല്‍കിയതടക്കമുള്ള ഗൗഡയുടെ കത്തുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അഴിമതികള്‍ കണ്ടെത്തിയപ്പോള്‍ ഒതുക്കിത്തീര്‍ക്കാനാണ് ഭരണ നേതൃത്വം ശ്രമിച്ചത്. അവരുടെ താളത്തിനൊത്ത് തുള്ളാന്‍ പറ്റില്ലെന്നു പറഞ്ഞതിന് പുറത്താക്കുകയും ചെയ്തു.
അഴിമതിക്കെതിരേ സന്ധിയില്ലാ സമരം നടത്താനാണ് തീരുമാനം. ഇത്തരത്തിലുള്ള കല്ലേറുകള്‍ ഇനിയും തുടരും. അപ്പോള്‍ പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സഹായം വേണം. തനിക്കെതിരേ ഒരു അന്വേഷണ റിപ്പോര്‍ട്ടുമില്ല. അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലെ കേസ് ജയിക്കുമെന്നായപ്പോള്‍ സമൂഹത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനു പിന്നില്‍ ടോം ജോസാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് യാതൊരു നീതിയും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ നാട്ടിലെ നിയമ വ്യവസ്ഥയില്‍ പരിപൂര്‍ണ വിശ്വാസമുണ്ട്. ഈ വിശ്വാസമാണ് തന്നെ മുന്നോട്ടു നയിക്കുന്നത്. തന്റേത് ഏതെങ്കിലും വ്യക്തിക്കെതിരേയുള്ള യുദ്ധമല്ല. അഴിമതി നിറഞ്ഞ സംവിധാനങ്ങള്‍ക്കെതിരേയുള്ള കുരിശുയുദ്ധമാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."