വൈദ്യുത ലൈനുകളില്‍ തട്ടുന്ന മരശിഖരങ്ങള്‍ വെട്ടി മാറ്റിയില്ല: മഴക്കാലം വൈദ്യുതി ബന്ധം താറുമാറാക്കുമെന്ന് ആശങ്ക
കാഞ്ഞങ്ങാട്: മഴക്കാലം വരവായതോടെ ജില്ലയില്‍ വൈദ്യുതി തടസ്സം നേരിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു തുടങ്ങി. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് വൈദ്യുത ലൈനുകളില്‍ തട്ടി നില്‍ക്കുന്ന മരശിഖരങ്ങളും മറ്റും ബന്ധപ്പെട്ട അധികൃതര്‍ വെട്ടി മാറ്റാറുണ്ടെങ്കിലും ജില്ലയിലെ വിവിധ സെക്ഷന്‍ ഓഫിസ് പരിധിയില്‍ ഇത്തരം ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.
കാഞ്ഞങ്ങാട്, മാവുങ്കാല്‍, പെരിയ, ചിത്താരി, രാജപുരം തുടങ്ങിയ സെക്ഷന്‍ പരിധികളില്‍ കാറ്റൊന്നടിച്ചാല്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതു പതിവാണ്.
അതേ സമയം മര ശിഖരങ്ങള്‍ വെട്ടാനാണെന്നും മറ്റും പറഞ്ഞു കടുത്ത വേനലില്‍ പോലും രാവിലെ മുതല്‍ വൈകുന്നേരം വരെ വൈദ്യുതി ബന്ധം മുടക്കിയിരുന്നെങ്കിലും ലൈനുകളില്‍ മരശിഖരങ്ങള്‍ പടര്‍ന്നു നില്‍ക്കുകയാണ്.
ഈ സാഹചര്യത്തില്‍ മഴക്കാലം വരുന്നതോടെ വൈദ്യുത ബന്ധം താറുമാറാകുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. അതേ സമയം വൈദ്യുത ബന്ധം നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട ഓഫിസുകളില്‍ വിവരം അറിയിച്ചാലും ഇത് ശരിയാക്കി കൊടുക്കാന്‍ ജീവനക്കാര്‍ യഥാസമയം തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഇതു ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ വാക്ക് തര്‍ക്കത്തിനും ഇടവരുത്തുന്നു. ഇത്തരം ഒരു സംഭവത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഉപഭോക്താവ് ജീവനക്കാരെ ചോദ്യം ചെയ്തതോടെ ജീവനക്കാരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതായും മര്‍ദിച്ചതായും കാണിച്ച് ഉപഭോക്താവിനെതിരേ കേസെടുത്ത സംഭവവും ജില്ലയിലെ ഒരു സെക്ഷന്‍ ഓഫിസിലുണ്ടായിരുന്നു.
വൈദ്യുത ബന്ധം നഷ്ടപ്പെടുന്നതോടെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസിലെ ഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."