പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
ചെങ്ങന്നൂര്‍:പെട്രോള്‍ പമ്പുടമയെ ബൈക്കിലെത്തി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണന്ന് മാവേലിക്കര സെഷന്‍സ് കോടതി കണ്ടെത്തി.
ഒന്നാം പ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയില്‍ പൂമലച്ചാല്‍ മഠത്തിലേത്ത് വീട്ടില്‍ ബോഞ്ചോ എന്ന് വിളിക്കുന്ന അനു(26),രണ്ടാം പ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവ് (26) മൂന്നാം പ്രതി ചെറിയനാട് തുരുത്തിമേല്‍ പ്ലാവിള വടക്കേതില്‍ മനോജ് ഭവനത്തില്‍ മനോജ് (ഐസക് 25),എന്നിവര്‍ കൊലപാതക കേസില്‍ കുറ്റക്കാരാണ് എന്നു കണ്ട മാവേലിക്കര അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി ജി. അനില്‍കുമാര്‍ വിധി പറയുന്നത് ജൂണ്‍ നാലിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി മുരളീധരന്‍നായര്‍(55)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണിവര്‍. 2016 ഫെബ്രുവരി 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷന് സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മുളക്കുഴയിലുള്ള പമ്പില്‍ പെട്രോള്‍ അടിക്കാനായി മനോജും അനുവും എത്തുകയും പെട്രോളടിക്കാന്‍ താമസിച്ചതിനെ ചൊല്ലി ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും ജീവനക്കാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ബഹളം കേട്ട് വന്ന മുരളീധരന്‍ നായര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഭീഷണി മുഴക്കിയാണ് പ്രതികള്‍ ഇവിടെനിന്നും പോയത്. കുറച്ചു സമയം കഴിഞ്ഞ് കേസിലെ മറ്റൊരു പ്രതിയായ രാജീവ് പമ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എത്തുകയും പമ്പുടമ ആരാണന്ന് തിരിച്ചറിഞ്ഞ് പമ്പിന് സമീപം നിന്ന മനോജിനും അനുവിനും വിവരം നല്‍കി.
വൈകിട്ട് 7.30 ഓടെ മുരളീധരന്‍നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കില്‍ പിന്‍തുടര്‍ന്നുവന്ന രാജീവ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ വെച്ച് തടഞ്ഞുനിര്‍ത്തി.തൊട്ടു പിന്നാലെ മനോജും അനുവും ബൈക്കിലെത്തി അനു കൈയ്യില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് മുരളീധരന്‍ നായരുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കൃത്യം നടത്തിയ ശേഷം എറണാകുളത്തും ബാംഗ്ലൂരിലുമായി ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിന്‍തുടരുന്നുണ്ടന്നുള്ള വിവരത്തെത്തുടര്‍ന്ന് തിരികെ നാട്ടിലെത്തുകയും പ്രതികളില്‍ ഒരാളായ അനുവിനെ വീടിന് സമീപത്തുവച്ചും രാജീവിനെ ആഞ്ഞിലിമൂട് ജംഗ്ഷന് സമീപത്തുനിന്നും മനോജിനെ പത്തനംതിട്ട ളാഹ വനത്തോടുചേര്‍ന്ന ഒരു ഷെഡ്ഡില്‍ നിന്നുമാണ് പിടികൂടിയത്.
മനോജ് മറ്റൊരു കൊലപാതക ശ്രമ കേസിലും പ്രതിയാണ്. അന്ന് സിഐ ആയിരുന്ന ജി.അജയനാഥും, എസ്‌ഐ പി രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.പ്രമാദമായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുനില്‍ മഹേശ്വരന്‍പിള്ളയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."