പാക് രഹസ്യാന്വേഷണ ഏജന്‍സിയുമായി മഹാസഖ്യം, മോദിക്കും അമിത്ഷാക്കുമെതിരേ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും പാക് ചാരസംഘടനയായ ഐ.എസ്.ഐ(ഇന്റര്‍ സര്‍വിസസ് ഇന്റലിജന്‍സ്)യുമായി മഹാസഖ്യത്തിലാണെന്ന് കോണ്‍ഗ്രസ്. ദേശീയ താല്‍പര്യത്തിനും സുരക്ഷക്കും വിരുദ്ധമായി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ് ഇരുവരുമെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ദേവാല ആരോപിച്ചു.
പത്താന്‍കോട്ട് വ്യോമ താവളത്തിനു നേരെ ഭീകരാക്രമണമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ അന്വേഷണം നടത്തുന്നതിനായി ഐ.എസ്.ഐയെ ക്ഷണിച്ചുകൊണ്ടുവന്നത് ഇതിന് തെളിവാണ്. ഈ സംഭവത്തില്‍ ഇരുവരും രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരേ നടത്തിയ മിന്നലാക്രമണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. സൈനികരുടെ ധൈര്യത്തേയും ശൗര്യത്തേയുമാണ് ബി.ജെ.പി അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഐ.എസ്.ഐ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മോദിയെയാണ്. ഐ.എസ്.ഐയുടെ മുന്‍ അധ്യക്ഷന്‍ അസദ് ദുറാനിയുടെ പ്രസ്താവനതന്നെ ഇതിന് തെളിവാണ്.
മോദിയും അമിത്ഷായും പാക് ചാരസംഘടനയുമായി മഹാസഖ്യം സ്ഥാപിച്ചുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ഈ ബന്ധം നിലവിലുള്ളതുകൊണ്ടാണ് പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യശില്‍പികളായ ഐ.എസ്.ഐയെ അന്വേഷണത്തിന്റെ ഭാഗമായി ക്ഷണിച്ചുകൊണ്ടുവന്നത്.
പത്താന്‍കോട്ട് വ്യോമതാവളത്തിനുനേരെ ആക്രമണം നടത്തിയവരെ തന്നെ അന്വേഷണത്തിനായി ക്ഷണിച്ചുകൊണ്ടുവന്നത് എന്തിനായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ പാകിസ്താന്‍ ആത്മാര്‍ഥ ശ്രമം നടത്തിയിരുന്നുവെന്ന് 2016 മാര്‍ച്ച് 30ന് കൊല്‍ക്കത്തയില്‍ പൊതുസമ്മേളനത്തില്‍ അമിത്ഷാ വ്യക്തമാക്കിയിരുന്നു. ഐ.എസ്.ഐയുമായി ബന്ധമില്ലെങ്കില്‍ എന്തിനാണ് പാകിസ്താനെ പുകഴ്ത്തിയത് എന്ന് അമിത് ഷാ വ്യക്തമാക്കണം.
സൈനികരുടെ ധൈര്യത്തേയും ശൗര്യത്തേയും രാഷ്ട്രീയ നേട്ടത്തിനും വോട്ട് കിട്ടാനുമുള്ള മാര്‍ഗത്തിനായി ഉപയോഗപ്പെടുത്തുന്നത് ഒരുകാരണവശാലും ശരിയായ രീതിയല്ലെന്ന് സുര്‍ജേവാലക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ വിമുക്ത ഭട സംഘടനയുടെ ചെയര്‍മാന്‍ മേജര്‍ ജന. സത്ഭിര്‍ സിങ് പറഞ്ഞു.
പാക് ഭീകര കേന്ദ്രങ്ങള്‍ക്കുനേരെ നടത്തിയ മിന്നലാക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തെയും അവരുടെ അര്‍പ്പണബോധത്തേയും എക്കാലത്തും മാനിക്കേണ്ടതാണ്. സൈനികരുടെ ജീവത്യാഗം രാജ്യത്തിനുവേണ്ടിയാണെന്നത് ആരും മറക്കരുതെന്ന് സുര്‍ജേവാലയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."