ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മില്‍മ കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചു
വില വര്‍ധന ഇന്‍സെന്റീവ് നിര്‍ത്തലാക്കിയതിന് പിന്നാലെ
തൊടുപുഴ: ഇന്‍സെന്റീവ് നിര്‍ത്തലാക്കിയതിന് പിന്നാലെ മില്‍മ കാലിത്തീറ്റക്ക് വില വര്‍ധിപ്പിച്ചത് ക്ഷീര കര്‍ഷകര്‍ക്ക് വീണ്ടും ഇരുട്ടടിയായി.
മില്‍മയുടെ 50 കിലോയുടെ വിവിധ തരം കാലിത്തീറ്റകള്‍ക്ക് 15 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. പാലിന്റെ വില ഉല്‍പ്പാദനച്ചെലവിന് അനുസരിച്ച് വര്‍ധിപ്പിക്കാത്തതിനാല്‍ കാലിത്തീറ്റ വിലിയല്‍ വരുത്തിയ വര്‍ധനവ് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് നല്‍കി വന്നിരുന്ന വേനല്‍ക്കാല ഇന്‍സെന്റീവ് മെയ് മുതല്‍ നിര്‍ത്തലാക്കിയിരുന്നു. ഉല്‍പ്പാദനത്തില്‍ ഉണ്ടായ വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ് കൂടാതെ തന്നെ മെയ് മാസം ആദ്യം മുതലേ ഇന്‍സെന്റീവ് മില്‍മ നിര്‍ത്തിയത്. ഒരോ ലിറ്റര്‍ പാലിനും 2 രൂപയായിരുന്നു വേനല്‍ക്കാലം ആരംഭിക്കുന്ന നവംബര്‍ മുതല്‍ മെയ് വരെ കര്‍ഷകര്‍ക്ക് മില്‍മ നല്‍കിയിരുന്നത്.
പാലിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയെങ്കിലും അതിന്റെ യഥാര്‍ത്ഥ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രാഥമിക ക്ഷീര സംഘങ്ങളില്‍ കര്‍ഷകര്‍ അളക്കുന്ന ഒരു ലിറ്റര്‍ പാലിന് ശരാശരി 30 മുതല്‍ 32 രൂപ വരെ മാത്രമാണ് ഒരോ കര്‍ഷകനും ലഭിക്കുന്നത്. മില്‍മയുടെ പാക്കറ്റ് പാലിന് 42 രൂപ മുതല്‍ മുകളിലേക്കാണ്. കാലിത്തീറ്റക്കും വില വര്‍ധിപ്പിച്ചതോടെ ക്ഷീരമേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
വൈക്കോലിനും ചോളത്തണ്ടിനും മറ്റും വില വര്‍ധിപ്പിച്ചതോടെ കാലിത്തീറ്റ മാത്രമായിരുന്നു ക്ഷീര കര്‍ഷകര്‍ കൂടുതലും ആശ്രയിച്ചിരുന്നത്.
പുതുക്കിയ വിലയനുസരിച്ച് മില്‍മയുടെ ഗോമതി റിച്ച് കാലിത്തീറ്റയുടെ 50 കിലോ ചാക്കിന് 1025 രൂപയായും ഗോമതി ഗോള്‍ഡിന് 1115 രൂപയായും വില ഉയര്‍ന്നിരിക്കുകയാണ്.
നാണ്യ വിളകളുടെ വിലയിടിവിനെ തുടര്‍ന്ന് നട്ടം തിരിയുന്ന ഭൂരിഭാഗം കര്‍ഷകരും നിത്യ ചെലവിനുള്ള തുക കണ്ടെത്തിയിരുന്നത് ക്ഷീര മേഖലയില്‍ നിന്നായിരുന്നു.
മില്‍മയുടെ എറണാകുളം യൂണിയനില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്നത് ഇടുക്കി ജില്ലയില്‍ നിന്നാണ്. ക്ഷീരോല്‍പ്പാദനത്തില്‍ സംസ്ഥാനത്ത് ജില്ലക്ക് നാലാം സ്ഥാനമാണ്.
ഉല്‍പ്പാദന ചെലവിന് അനുസരിച്ച് വില ലഭിക്കാതെ വരുന്നതോടെ ചെറുകിട ക്ഷീര കര്‍ഷകര്‍ കൂട്ടത്തോടെ ഈ മേഖലയില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അങ്ങനെ വന്നാല്‍ സംസ്ഥാനത്തിന് ആവശ്യമായ പാല്‍ കണ്ടെത്തുന്നതിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."