ജയ്ഹിന്ദ് എല്‍.പി സ്കൂളില്‍ ശൗചാലയ നിര്‍മാണം അനിശ്ചിതത്വത്തില്‍
വാളാട്: വാളാട് ജയ്ഹിന്ദ് എല്‍.പി സ്കൂളിലെ ശൗചാലയ നിര്‍മാണം വൈകുന്നു. കഴിഞ്ഞ വര്‍ഷമാണ് സ്കൂളില്‍ ശൗചാലയ നിര്‍മാണത്തിനായി തവിഞ്ഞാല്‍ പഞ്ചായത്ത് ഒന്നര ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിന് മുന്‍പെ പണി പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് ഇതുവരെയും തുടങ്ങാത്തത്. നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് ആറ് മാസം മുന്‍പ് ഇതിനായി കരിങ്കല്ലും പാറപ്പൊടിയും ഇറക്കിയിരുന്നു. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. ശൗചാലയം നിര്‍മിക്കാത്തതിനാല്‍ വലിയ പ്രയാസമാണ് വിദ്യാര്‍ഥികളും അധ്യാപകരും അനുഭവിച്ചു വരുന്നത്. സ്കൂള്‍ മുറ്റത്ത് തന്നെ നിര്‍മാണ വസ്തുക്കള്‍ ഇറക്കി വെച്ചതിനാല്‍ കുട്ടികള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. സ്ഥല സൗകര്യമില്ലാത്തതിനാല്‍ സ്കൂള്‍ അസംബ്ലി ചേരാനും ബുദ്ധിമുട്ടുകയാണ്. നിലവില്‍ സൗകര്യം കുറഞ്ഞ ഒരു ശൗചാലയം മാത്രമാണ് ഈ സ്കൂളിലുള്ളത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പഞ്ചായത്ത് പുതിയ ശൗചാലയ നിര്‍മാണത്തിനായി തുക അനുവദിച്ചത്. എന്നാല്‍ തുക അനുവദിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇത് നിര്മിക്കാത്തതോടെ രക്ഷിതാക്കള്‍ വലിയ പ്രതിഷേധത്തിലാണ്. കരാറുകാരന്റെ അനാസ്ഥ കാരണമാണ് നിര്‍മാണം വൈകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ബന്ധപ്പെട്ടവര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."