'വിശ്വാസ വോട്ടെടുപ്പിനു തയ്യാര്‍, സമയം കുറിച്ചോളൂ'; സ്പീക്കറോട് എച്ച്.ഡി കുമാരസ്വാമി
ബംഗളൂരു: തന്റെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. അതിനായി സമയം നിശ്ചയിക്കാനും കുമാരസ്വാമി സ്പീക്കറോട് ആവശ്യപ്പെട്ടു.
ഇന്നു തുടങ്ങിയ ബജറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്, അതിനു വേണ്ടി സമയം നിശ്ചയിക്കൂ'- കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ 18 എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കിയതോടെയാണ് കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.
എന്നാല്‍ ഇവരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച കേസ് സുപ്രിംകോടതിയില്‍ നില്‍ക്കുകയാണ്. തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കറോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഇതേത്തുടര്‍ന്ന്, ഉടന്‍ തീരുമാനമെടുക്കണമെന്ന് ഇന്നലെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്പീക്കര്‍ രമേശ് കുമാര്‍ കോടതിയെ സമീപിക്കുകയും, ചൊവ്വാഴ്ച വരെ തീരുമാനമെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ന് ഉത്തരവിടുകയും ചെയ്തു.
ഇതിനിടെയാണ്, താന്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്.
18 എം.എല്‍.എമാരുടെ രാജി സ്വീകരിച്ചാല്‍, സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും അധികാരത്തില്‍ നിന്ന് വീഴുകയും ചെയ്യും. ഇതോടെ, സഭയിലെ ഭൂരിപക്ഷ പരിധി കുറയുകയും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തിലേറുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."