ഖത്തര്‍ ന്യൂസ് ഏജന്‍സി വെബ്‌സൈറ്റും ട്വിറ്ററും ഹാക് ചെയ്തു
ദോഹ: ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ(ക്യു.എന്‍.എ) വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക് ചെയ്തു. ഹാക്കര്‍മാര്‍ തെറ്റായ വാര്‍ത്തകളും ട്വീറ്റുകളും പോസ്റ്റ് ചെയ്തതായും ക്യു എന്‍ എ അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷിതത്വത്തെയും നയതന്ത്രബന്ധങ്ങളെയും ഹനിക്കുന്ന വിധത്തിലുള്ള അടിസ്ഥാന രഹിതമായ ട്വീറ്റുകളും വാര്‍ത്തകളുമാണ് പോസ്റ്റ് ചെയ്തത്.
അതീവ ഗൗരവമുള്ള സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു.
ക്യു എന്‍ എ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത വിവരം ഖത്തര്‍ കമ്യൂണിക്കേഷന്‍സ് ഓഫിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ തെറ്റായ പ്രസ്താവന പ്രസിദ്ധീകരിച്ചു കൊണ്ടാണ് ക്യുഎന്‍എ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. എന്നാല്‍, ഹാക്കര്‍മാര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം ഏതാനും മണിക്കൂറുകള്‍ ക്യു എന്‍ എ വെബ്‌സൈറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.ഗള്‍ഫ് സഹോദര രാജ്യങ്ങളുമായുള്ള ഖത്തറിന്റെ മികച്ച ബന്ധത്തില്‍ ഉലച്ചിലുകള്‍ സൃഷ്ടിക്കുകയെന്ന ബോധപൂര്‍വമായ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വിവരങ്ങളും സന്ദേശങ്ങളുമാണ് വെബ്‌സൈറ്റിലൂടെ പ്രചരിപ്പിക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചത്.
ക്യു എന്‍ എയുടെ ട്വിറ്റര്‍ അക്കൗണ്ടും സമാനമായ രീതിയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.ട്വിറ്റര്‍ പേജില്‍ അറബിയില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
അയല്‍ രാജ്യങ്ങളിലെ ഖത്തര്‍ അംബാസഡര്‍മാരെ തിരിച്ചു വിളിച്ചുവെന്നും 24 മണിക്കൂറിനകം സേവനം അവസാനിപ്പിക്കാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടുവെന്നുമായിരുന്നു ട്വീറ്റ്. ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ അധികൃതര്‍ ദ്രുതഗതിയില്‍ ഇടപെടുകയും കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുകയുമായിരുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിച്ചതോടെ തെറ്റായ വാര്‍ത്തകളെല്ലാം അധികൃതര്‍ നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന സൈനിക ബിരുദദാനച്ചടങ്ങില്‍ അമീര്‍ പങ്കെടുത്ത വാര്‍ത്തയിലാണ് തെറ്റായ പ്രസ്താവന ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ ഖത്തര്‍ അസ്വസ്ഥരാണെന്നായിരുന്നു അമീറിന്റെ പ്രസംഗത്തില്‍ വ്യജമായി ചേര്‍ത്തത്. ഇറാനോടുള്ള പിണക്കത്തില്‍ സാമര്‍ഥ്യമില്ലെന്നും ഇസ്രായേലുമായുള്ള ബന്ധം നല്ലതാണെന്നും അമീറിന്റെ പേരില്‍ തെറ്റായി ആരോപിച്ചിരുന്നു.
ഫലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം, ഇറാനുമായുള്ള നയതന്ത്ര ബന്ധം, ഹമാസിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവയും വ്യാജമായി ചേര്‍ത്തു. ഹാക്ക് ചെയ്ത് ക്യു എന്‍ എ പേജില്‍ വന്ന ഈ വാര്‍ത്ത ചില പ്രമുഖ ന്യൂസ് പോര്‍ട്ടലുകളും ചാനലുകളും പ്രസിദ്ധീകരിച്ചിരുന്നു.
ഖത്തറില്‍ നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2013ല്‍ ഖത്തര്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവമുണ്ടായിരുന്നു. ഖത്തര്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഖത്തറിനെ ലക്ഷ്യമിടുന്നതായി കമ്യൂണിക്കേഷന്‍സ് ഓഫിസ് രണ്ടുദിവസം മുമ്പ് പ്രസ്താവന പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."