സഊദി പൊതുമാപ്പ് ഇനി ഒരു മാസം കൂടി; പരിശോധന ശക്തമാക്കി
റിയാദ്: അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍ അനുവദിച്ച സമയപരിധി കാലാവധി ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കേ പരിശോധന ശക്തമാക്കി സഊദി ഭരണകൂടം. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ശക്തമായ പരിശോധന ആരംഭിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ശക്തമായ തൊഴില്‍ പരിശോധന സംഘടിപ്പിക്കാനാണു തീരുമാനം. കിഴക്കന്‍ പ്രവിശ്യയില്‍ കാംപയിന്റെ തുടക്കം എന്ന നിലയില്‍ പ്രവിശ്യയിലെ വ്യവസായികളുമായി തൊഴില്‍ വകുപ്പ് ചര്‍ച്ച നടത്തി തൊഴിലാളികളുടെ രേഖകള്‍ ശരിയാണെന്നു ഉറപ്പു വരുത്തണമെന്നു അധികൃതര്‍ ആവശ്യപ്പെട്ടു.
പൊതുമാപ്പിന് ശേഷം മതിയായ രേഖകള്‍ ഇല്ലാതെ പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നു മേജര്‍ ജനറല്‍ ജുമആന്‍ അല്‍ ഗാംദി മുന്നറിയിപ്പ് നല്‍കി.പൊലിസ്,അര്‍ധ സേന വിഭാഗം, ട്രാഫിക് പൊലിസ്, തൊഴില്‍ വകുപ്പ്, വാണിജ്യ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനധികൃത താമസക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുക. പൊതുമാപ്പ് അവസാനിക്കുന്ന റമദാന് ശേഷം ഒരു അനധികൃത തൊഴിലാളികളും ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
അതേസമയം, ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ എംബസിയുടെ ഭാഗത്തു നിന്നും നടക്കുകയാണ്. ഇതിന്റെ ഭാഗമായി എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം വീണ്ടും ജവാസാത്ത് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി. എമര്‍ജന്‍സി എക്‌സിറ്റ് നേടിയ എല്ലാ ഇന്ത്യക്കാര്‍ക്കും രാജ്യം വിടാന്‍ അവസരം ഒരുക്കുമെന്ന് ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സുഹൈബാനി എംബസി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കി.
പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവസരം നല്‍കുമെന്നും ഓണ്‍ലൈന്‍ വഴി അപ്പോയിന്മെന്റ് ലഭിക്കാത്തവര്‍ നേരിട്ടെത്തിയാല്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സഊദി ഓജര്‍, ബിന്‍ ലാദന്‍ തുടങ്ങിയ കമ്പനികളിലെ നിയമ പ്രശ്‌നം കാരണം എക്‌സിറ്റ് ലഭിക്കാത്ത പ്രശ്‌നവും കൂടിക്കാഴ്ച്ചയില്‍ അവതരിപ്പിച്ചെന്നു എംബസ്സി അധികൃതര്‍ പറഞ്ഞു.
സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയില്‍ ഇതുവരെ 2,56,000ലേറെ പേര്‍ പ്രയോജനപ്പെടുത്തിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ ഉസ്മാന്‍ അല്‍മുഹ്‌റജിന്റെ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ ജംആന്‍ അല്‍ഗാംദി അറിയിച്ചു. ഇതില്‍ 53,000ലേറെ പേര്‍ ഇതിനകം രാജ്യം വിട്ടിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് മുന്നോട്ടുവരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."