പ്രളയത്തില്‍ നിന്നും അതിജീവിച്ച് തരിശുകൃഷി; മലമല്‍പ്പാടത്ത് കൊയ്ത്തുത്സവം
ആലത്തൂര്‍: പ്രളയത്തെ അതിജീവിച്ച് മലമല്‍പ്പാടത്തെ തരിശുനിലത്തില്‍ കൊയ്ത്തുത്സവം നടത്തി. നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക വികസന പദ്ധതി നിറയാണ് 15 വര്‍ഷമായി തരിശായി കിടന്ന മലമല്‍പ്പാടത്ത് പൊന്നുവിളയിച്ച് കൊയ്‌തെടുത്തത്. തരിശായിക്കിടന്ന പാടത്ത് കഴിഞ്ഞ ജൂണിലാണ് കൃഷിയിറക്കിയത.് നിറയുടെ നേതൃത്വത്തില്‍ 15 ഏക്കറില്‍ കുടുംബശ്രീയും 10 ഏക്കറില്‍ കര്‍ഷകര്‍ നേരിട്ടുമാണ് കൃഷിയിറക്കിയത്.
കൃഷിഭവന്‍, ഗ്രാമ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, പാടശേഖര സമിതികള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തില്‍ സിഗപ്പി എന്ന നെല്ലാണ് ഇറക്കിയത്. കൂടാതെ പാടവരമ്പില്‍ ചെണ്ടുമല്ലി, പച്ചക്കറി, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷി ചെയ്തു. മണ്ണുപരിശോധന നടത്തി. ശാസ്ത്രീയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം കീടനാശിനി എന്നിവ ഒഴിവാക്കി പരിസ്ഥിതി സൗഹാര്‍ദ്ദ കൃഷിയും അവലംബിച്ചു. പൊടുന്നനെ ഉണ്ടായ പ്രളയത്തില്‍ കൃഷികളെല്ലാം നാശമായപ്പോള്‍ വെള്ളപ്പൊക്കത്തിനും മീതെ തല ഉയര്‍ത്താനായത് സിഗപ്പി എന്ന വിത്തിനമായതുകൊണ്ടു മാത്രം.
തമിഴ്‌നാട് അണ്ണാമലൈ സര്‍വ്വകലാശാല വികസിപ്പിച്ച പൊന്‍മണി ഇനത്തിലെ സബ് വണ്‍ ജീന്‍ സംയോജിപ്പിച്ച സിഗപ്പി വെള്ളത്തില്‍ മുങ്ങിയെങ്കിലും വീണുപോവാതെ അഴുകാതെ തലയുയര്‍ത്തി നിന്നു.
ഒടുവില്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് പോറലേല്‍പ്പിക്കാതെ സിഗപ്പി വിളവും നല്‍കി പ്രതിസന്ധിയില്‍ പ്രതീക്ഷയേകിയ നെല്ലിനമായതുകൊണ്ടുതന്നെ കൊയ്‌തെടുത്ത നെല്ല് വിത്ത് ആക്കി കര്‍ഷകര്‍ക്കു തന്നെ നല്‍കാനാണ് നിറ പ്രവര്‍ത്തകരുടെ തീരുമാനം. കൊയ്ത്തുത്സവം കെ ഡി പ്രസേനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ അധ്യക്ഷനായി വൈസ് പ്രസിഡന്റ് കെ രമ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റാണി പ്രകാശ്, കുടുംബശ്രീ ജില്ല കോ ഓര്‍ഡിനേറ്റര്‍ സെയ്തലവി, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം എ നാസര്‍ എന്നിവര്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."