യു.പി: എന്‍.എസ്.എ ചുമത്തപ്പെട്ടയാളെ വിട്ടയക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
ലക്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലിട്ടയാളെ വിട്ടയയ്ക്കാന് ഉത്തരവിട്ട് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയാണ് ജവാദ് സിദ്ദീഖി എന്നയാളെ വിട്ടയയ്ക്കാന് ഉത്തരവിട്ടത്. ഇത്തരം നിയമങ്ങള്‍ ചുമത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്നും അധികാര ദുര്‍വിനിയോഗം കാണിക്കരുതെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ജോന്‍പൂരില്‍ ദലിതരും മുസ്ലിംകളുമായുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു ജവാദ് സിദ്ദീഖിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്.
പിന്നീട് ഇയാള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമവും ചുമത്തുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സിദ്ദീഖിയെ ഉത്തരവാദപ്പെട്ട അതോറിറ്റിക്കു മുന്പില് ഹാജരാക്കിയിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പ്രദീപ്കുമാര്‍ ശ്രീവാസ്തവ, ജസ്റ്റിസ് പ്രിന്തിന്കര് ദിവാകര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിച്ചത്. എന്‍.എസ്.എ ചുമത്തി ജവാദ് സിദ്ദീഖിയെ തടവിലിടാനാകില്ലെന്നു പറഞ്ഞ കോടതി, ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്കാന് അധികൃതര്‍ക്കായിട്ടില്ലെന്നും വ്യക്തമാക്കി. അതിനാല്‍, മറ്റു കേസുകളൊന്നും നിലനില്ക്കുന്നില്ലെങ്കില് സിദ്ദീഖിയെ ഉടന്‍ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."