വനിതാ കമ്മിഷന്‍ അദാലത്ത്: ഇന്നലെ 143 കേസുകള്‍,69 എണ്ണത്തിനു തീര്‍പ്പ്
തിരുവനന്തപുരം: വനിതാ കമ്മിഷന്‍ ഇന്നലെ നടത്തിയ മെഗാ അദാലത്തില്‍ പരിഗണനക്കെടുത്ത 143 കേസുകളില്‍ 69 എണ്ണത്തില്‍ തീര്‍പ്പുകല്‍പിച്ചു. ദമ്പതികള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മൂന്നു കേസുകളില്‍ കൗണ്‍സലിങ് നടത്തും. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടിയ അഞ്ച് കേസുകള്‍ക്ക് പുറമെ 66 എണ്ണം അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.
മാറിത്താമസിക്കുന്ന മാതാവിനെ കൂടെക്കൂട്ടാന്‍ മക്കള്‍ ഒരുക്കമായിരുന്നുവെങ്കിലും സന്നദ്ധയല്ലെന്നറിയിച്ച മാതാവ് ചെലവിന് കിട്ടണമെന്ന ആവശ്യവുമായാണ് അദാലത്തിനെത്തിയത്. മാസച്ചെലവിന് നാലായിരം രൂപ ആവശ്യപ്പെട്ട മാതാവിന് അയ്യായിരം രൂപ നല്‍കാമെന്ന് മക്കള്‍ കമ്മിഷനെ അറിയിച്ചു. സംരംഭം തുടങ്ങാന്‍ വായ്പ വാങ്ങിയ രണ്ടര ലക്ഷം രൂപ മടക്കിക്കിട്ടാന്‍ പരാതി നല്‍കിയ യുവതിക്ക് സ്ഥാപന നടത്തിപ്പുകാരന്‍ അടുത്ത സിറ്റിങിനെത്തി തുക നേരിട്ട് കൈമാറും. അമ്മയും സഹോദരനും ചേര്‍ന്ന് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാട്ടി ഒരു വിദ്യാര്‍ഥിനി കമ്മിഷന് മുന്നിലെത്തി. ആദ്യ ഭര്‍ത്താവിലുള്ള മകനെ അക്രമിച്ച ശേഷം രണ്ടാം ഭര്‍ത്താവ് മകളുമായി മാറിത്താമസിക്കുകയാണെന്നും പരാതിയില്‍ കഴമ്പില്ലെന്നും ഉദ്യോഗസ്ഥയായ വീട്ടമ്മ വാദിച്ചു. മകളുടെ കംപ്യൂട്ടറും മറ്റ് സാധനങ്ങളും മടക്കി നല്‍കണമെന്നും ഭാവിയില്‍ പ്രശ്‌നങ്ങള്‍ വേണ്ടെന്നും സഹോദരനോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.
ജോലി സ്ഥലത്തെ ഉപദ്രവവുമായി ബന്ധപ്പെട്ട 13 കേസുകളാണ് ഇന്നലെ കമ്മിഷന് മുന്നിലെത്തിയത്. 46 ഗാര്‍ഹിക പീഡന പരാതികളും 33 കുടുംബ പ്രശ്‌നങ്ങളും മൂന്ന് സ്തീധന പ്രശ്‌നങ്ങളും പൊലിസിനെതിരായ ഒരു പരാതിയും അദാലത്തില്‍ പരിഗണിച്ചു. ഗാര്‍ഹിക പീഡനത്തിനെതിരായ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോഴും അത്തരം കേസുകള്‍ വര്‍ധിച്ചുവരുന്നതായി കമ്മിഷന്‍ അംഗങ്ങളായ ഡോ. ലിസി ജോസ്, അഡ്വ ഷിജി ശിവജി എന്നിവര്‍ പറഞ്ഞു.
ഡയറക്ടര്‍ വി.യു. കുര്യാക്കോസ് അഭിഭാഷകരായ മായ, രാജേന്ദ്രന്‍, സി.ഐ സുരേഷ് കുമാര്‍, എസ്.ഐ രമണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."