അന്നമൂട്ടി കടംവീട്ടി സമരഭൂമിയിലെ മുസ്‌ലിം ലങ്കാറുകള്‍
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരായ സമരത്തിന് സിഖ് സമൂഹം നല്‍കിയ പിന്തുണയ്ക്കും സുരക്ഷയ്ക്കും പകരമായി ഇപ്പോള്‍ അവര്‍ക്ക് അന്നമൂട്ടി മറുപടി നല്‍കുകയാണ് ഡല്‍ഹിയിലെ മുസ്‌ലിംകള്‍. സിന്‍ഗുവിലെ സമരഭൂമിയില്‍ സാമൂഹിക അടുക്കളകളായ ലങ്കാറുകള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും കുറവൊന്നുമില്ല. ഒരു ലക്ഷത്തിലധികംപേര്‍ സമരംചെയ്യുന്ന സിന്‍ഗുവില്‍ എല്ലാവരെയും ആറുമാസത്തോളം ഊട്ടാനുള്ള ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍, ഇതൊരു കടംവീട്ടലാണ്. ഡല്‍ഹിയിലെയും പഞ്ചാബിലെയും മുസ്‌ലിംകള്‍ ചേര്‍ന്നുനടത്തുന്ന മൂന്ന് സാമൂഹിക അടുക്കളകളാണ് സമരഭൂമിയുടെ മുന്‍നിരയില്‍ത്തന്നെയുള്ളത്. 14 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന സമരഭൂമിക്ക് പിന്നോട്ടുചെന്നാല്‍ ഇത്തരത്തിലുള്ള അടുക്കളകള്‍ വേറെയുമുണ്ട്. അതുകൂടാതെ പഴങ്ങളും ഭക്ഷ്യവസ്തുക്കളും സംഭരിച്ച് സൗജന്യമായി പലയിടങ്ങളിലായി വിതരണംചെയ്യുകയും ചെയ്യുന്നു.
കഴിഞ്ഞവര്‍ഷം ഏകദേശം ഇതേ സമയത്താണ് പൗരത്വനിയമഭേദഗതിക്കെതിരായ സമരങ്ങള്‍ ഡല്‍ഹിയിലെമ്പാടും നടന്നത്. ഷഹീന്‍ബാഗ് സമരത്തിന് ഭക്ഷണം നല്‍കിയത് സിഖ് സംഘടനകളായിരുന്നു. സംഘ്പരിവാര്‍ ഭീഷണിയുയര്‍ത്തിയപ്പോള്‍ ആയുധങ്ങളുമായി ഗുരുദ്വാരകളില്‍ നിന്നുള്ള യുവാക്കള്‍ സമരവേദിക്ക് കാവലിരിക്കുകയും ചെയ്തു. ഈ കടം വീട്ടാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണിപ്പോള്‍. സിന്‍ഗുവില്‍ സമരം നടത്തുന്നവരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള സിഖുകാരാണ്. പ്രധാന സമരവേദിക്കടുത്തുള്ള ഏറ്റവും വലിയ ലങ്കാറിനോട് ചേര്‍ന്നുതന്നെയാണ് പഞ്ചാബ് മുസ്‌ലിം അസോസിയേഷനും ഡല്‍ഹിയിലെ മുസ്‌ലിംകളും ചേര്‍ന്നുനടത്തുന്ന സാമൂഹികഅടുക്കളയുള്ളത്. അവിടെ വലിയ ചെമ്പുകളില്‍ വേവുന്ന വെജിറ്റബിള്‍ പുലാവും മധുരച്ചോറും വിളമ്പും. സമരം തുടങ്ങിയ അന്നുമുതല്‍ തങ്ങള്‍ അടുക്കളയും തുടങ്ങിയെന്ന് ഇതിന്റെ സംഘാടകരിലൊരാളായ നവാം പറഞ്ഞു. ഓരോനേരവും നാലോ അഞ്ചോ വലിയ ചെമ്പുകളില്‍ ഭക്ഷണം തയാറാക്കും. സമരക്കാരും അല്ലാത്തവരും ഇതൊക്കെ കഴിച്ചുതീര്‍ക്കും.
കുടിവെള്ളവും ചായയും പഴങ്ങളും വേറെയും വിതരണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ ഡല്‍ഹിയിലെ പള്ളികളും വിവിധ സംഘടനകളും ചേര്‍ന്ന് നടത്തുന്ന സാമൂഹിക അടുക്കളയിലൊന്ന് തൊട്ടപ്പുറത്ത് തന്നെയുണ്ട്. അല്‍പംകൂടി മുന്നോട്ടുപോയാല്‍ വേറെയും കാണാം. ഇതുകൂടാതെ മുസ്‌ലിം സന്നദ്ധസംഘടനകള്‍ സമരഭൂമിയിലേക്ക് പഴങ്ങളും ഭക്ഷണവും എത്തിക്കുന്നുണ്ട്. ലങ്കാറുകളിലേക്കും അവര്‍ ഭക്ഷണം പാകംചെയ്യാനുള്ള വസ്തുക്കള്‍ എത്തിച്ചുനല്‍കുന്നു. നിരവധി മുസ്‌ലിം സംഘടനകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."