ജില്ലയില്‍ 38 കോടിയുടെ കേന്ദ്ര വൈദ്യുതീകരണ പദ്ധതിക്ക് ഭരണാനുമതി
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 38 കോടി രൂപയുടെ കേന്ദ്ര വൈദ്യുതീകരണ പദ്ധതിക്ക് ഭരണാനുമതിയായി. ഗ്രാമീണ മേഖലയില്‍ പ്രത്യേകിച്ചും ഒറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലും ആദിവാസി മേഖലകളിലും ഈ പദ്ധതിയിലൂടെ വൈദ്യുതി എത്തിച്ചേരും. അതോടൊപ്പം ജില്ലയിലെ കാലപ്പഴക്കംചെന്ന വൈദ്യുതി ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും മാറ്റി സ്ഥാപിക്കും. സബ്‌സ്റ്റേഷനുകളുടെ നവീകരണവും മികവുറ്റ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള വൈദ്യുതി വിതരണത്തിനും ഏറെ സഹായകരമാകുന്നതാണ് പുതിയ പദ്ധതി
ആനയിറങ്കല്‍, പേത്തൊട്ടിപ്പാറ, ആലിന്‍ചുവട്- ചെറുതോണി, കീഴാന്തൂര്‍, നയിമക്കാട്, കല്ലാര്‍- ചെങ്കുളം, കഞ്ഞിക്കുഴി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം -കോലാനി, കുമിളി -ചെളിമട, മണക്കാട്, കൊച്ചുതോവാള, പാമ്പാടുംപാറ, പശുപ്പാറ, പാമ്പനാര്‍, പതിപ്പള്ളി, പുള്ളിക്കാനം, കടുക്കാസിറ്റി, തൂക്കുപാലം, വണ്ടന്‍മേട്, കരിക്കിന്‍തോളം തുടങ്ങിയ പ്രദേശങ്ങളിലെ 80 കിലോമീറ്റര്‍ ദൂരം വരുന്ന പഴയ വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കും.
വണ്ടിപ്പെരിയാറില്‍ 66 കെ വി യുടെ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും. ജില്ലയിലെ 8 ബ്ലോക്കുകളിലെ സബ്‌സ്റ്റേഷനുകളില്‍ ആധുനികവത്ക്കരണം നടത്തും.
വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, ചിന്നക്കനാല്‍, ശാന്തമ്പാറ, വണ്ണപ്പുറം, ആലക്കോട്, വെള്ളിയാമറ്റം, വാത്തിക്കുടി, തങ്കമണി, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍, വാഗമണ്‍, ഉപ്പുതറ, കരുണാപുരം, പുറപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 9714 കുടുംബങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനവും ഈ പദ്ധതിയുടെ ഭാഗമായി നടക്കും.
മക്കുവള്ളി, മനയത്തടം, കൈതപ്പാറ തുടങ്ങിയ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 50 വര്‍ഷത്തിലധികമായി വൈദ്യുതി ഇല്ലാതിരുന്ന സ്ഥലങ്ങളിലും ഇതോടെ വൈദ്യുതി എത്തുകയാണ്. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയിലൂടെ ഭരണാനുമതി ലഭിച്ച 38 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇത് ജില്ലയുടെ വൈദ്യുതി വിതരണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."