ജലശേഖരത്തില്‍ നേരിയ വര്‍ധന; ഇടുക്കിയില്‍ താഴോട്ട് മണ്‍സൂണ്‍ 42 ദിവസം പിന്നിടുമ്പോള്‍ മഴയില്‍ 44 ശതമാനം കുറവ്
ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനവും പ്രതിദിന വൈദ്യുതി ഉപഭോഗവും കുറഞ്ഞതോടെ ഡാമുകളിലെ ജലശേഖരത്തില്‍ നേരിയ വര്‍ധന. എന്നാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ ഒന്നരയടി കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ 500.557 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ട്. ഇത് മൊത്തം ശേഷിയുടെ 12.09 ശതമാനമാണ്. വ്യാഴാഴ്ച 491.6 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 2265.186 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി ഉണ്ടായിരുന്നു. അതായത് സംഭരണ ശേഷിയുടെ 54.7 ശതമാനം. ഇടുക്കിയിലെ ജലനിരപ്പ് ഇന്നലെ 1.6 അടി കുറഞ്ഞ് 2304.06 അടിയിലെത്തി. 2305.66 അടി വെള്ളമാണ് വ്യാഴാഴ്ച അണക്കെട്ടിലുണ്ടായിരുന്നത്.
16.787 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഒഴുകിയെത്തി. കുറ്റ്യാടിയിലാണ് കൂടുതല്‍ വെള്ളം എത്തിയത്. 11.235 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ ഇടുക്കിയില്‍ ഒഴുകിയെത്തിയത് 1.032 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ്. ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 66.559 ദശലക്ഷം യൂനിറ്റായിരുന്നു. ഇതില്‍ 9.4659 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനവും 57.49 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചതുമാണ്.
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ 42 ദിവസം പിന്നിടുമ്പോള്‍ മഴയില്‍ 44 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. 94.58 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 52.57 സെ.മീ മഴയാണ് ലഭിച്ചത്. വിവിധ ജില്ലകളിലായി 28 മുതല്‍ 58 ശതമാനം വരെ മഴക്കുറവാണുള്ളത്. ഇടുക്കിക്കു പുറമെ ഗ്രൂപ്പ് ഒന്നില്‍ ഉള്‍പ്പെടുന്ന വലിയ അണക്കെട്ടുകളായ ഇടമലയാറില്‍ 11 ശതമാനവും പമ്പയില്‍ എട്ടു ശതമാനവുമാണ് ജലനിരപ്പ്. ആനയിറങ്കല്‍, കക്കി ഡാമുകള്‍ വരണ്ട നിലയിലാണ്. ഗ്രൂപ്പ് രണ്ടില്‍പെട്ട പൊന്മുടിയില്‍ എട്ടു ശതമാനമാണ് ജലനിരപ്പ്.
മഴ മലബാറില്‍; വൈദ്യുതി
മേഖലയ്ക്ക് ഗുണമില്ല
തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളില്‍ മലബാര്‍ മേഖലയില്‍ വ്യാപകമായി കനത്ത മഴ ലഭിച്ചെങ്കിലും വൈദ്യുതി മേഖലയ്ക്ക് ഗുണമില്ല. ഇടുക്കിയടക്കമുള്ള വലിയ ജലസംഭരണികള്‍ സ്ഥിതിചെയ്യുന്നത് തൃശൂര്‍ മുതല്‍ തെക്കോട്ടായതാണ് വടക്കന്‍ കേരളത്തിലെ മഴ നേട്ടമാകാത്തത്. ലഭിച്ച മഴയില്‍ അധികവും തീരപ്രദേശങ്ങളിലുമാണ്. സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷിയുടെ പകുതിയിലധികവും ഉള്‍ക്കൊള്ളുന്നത് ഇടുക്കി അണക്കെട്ടാണ്. ശബരിഗിരി, ഇടമലയാര്‍ പദ്ധതികളുടെ വൃഷ്ടി പ്രദേശത്തും മഴയില്ല. കുറ്റ്യാടിയുടെ വൃഷ്ടി പ്രദേശത്ത് ഇന്നലെ 68 മി.മീ മഴ രേഖപ്പെടുത്തിയപ്പോള്‍ ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് ഒരുതുള്ളി പെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."