ഈജിപ്തില്‍ കടലിനടിയില്‍ വേറിട്ടൊരു വിവാഹം
റിയാദ്: വിവാഹം വേറിട്ടതാക്കാന്‍ പലയിടത്തു വച്ചും വിവിധ തരത്തിലും ആഘോഷങ്ങള്‍ നടക്കാറുണ്ട്. കരയിലും ആകാശത്തും വ്യത്യസ്തമായ വിവാഹങ്ങള്‍ നേരത്തെ തന്നെ നാം കേട്ടതാണ്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വിവാഹമാണ് കഴിഞ്ഞ ദിവസം ഈജിപ്ത് സാക്ഷ്യം വഹിച്ചത്.
ചെങ്കടലില്‍ ദഹബ് പ്രദേശത്താണ് ഈജിപ്ഷ്യന്‍ യുവാവും ബ്രിട്ടീഷ് യുവതിയും മോതിരം കൈമാറി വ്യത്യസ്ത വിവാഹം നടത്തി ജീവിതത്തിലേക്ക് പ്രവേശിച്ചത്. കടലിനടിയിലെ വിവാഹത്തില്‍ സംഗമിക്കുവാനും സാക്ഷിയാകാനും ഇവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും കടലിനടിയില്‍ എത്തിയിരുന്നു. സമ്മാനങ്ങളുമായി മാത്രമല്ല, കടലിനടിയില്‍ നില്‍ക്കാന്‍ ആവശ്യമുള്ള ഓക്‌സിജന്‍ മാസ്‌കുകളും ഉപകരണങ്ങളുമായി.
ഈജിപ്ഷ്യന്‍ യുവാവ് ഹിശാം മുഹമ്മദും ബ്രിട്ടീഷ് യുവതി സോഫിയയുമാണ് സൗത്ത് സീനായിലെ ദഹബിലെ ലൈറ്റ് ഹൗസ് ഏരിയയില്‍ വെള്ളത്തിനടിയില്‍ വിവാഹം നടത്തിയത്. സമുദ്രത്തിനടിയില്‍ ഇരുവരും വിവാഹ മോതിരങ്ങള്‍ പരസ്പരം കൈമാറുകയും മറ്റു ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുകയും ചെയ്തു. പവിഴപ്പുറ്റുകള്‍ക്ക് മധ്യേ ചെറിയ തോതിലുള്ള വിവാഹ വേദി മണവാളന്‍ സജ്ജീകരിച്ചിരുന്നു.
വധൂവരന്മാരും വിവാഹ ഉദ്യോഗസ്ഥനും അതിഥികളും ഓക്‌സിജന്‍ സിലിണ്ടര്‍ ധരിച്ചാണ് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. മണവാളനും വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രം ധരിച്ച മണിവാട്ടിയും സമുദ്രത്തിനടിയില്‍ വച്ച് വിവാഹ മോതിരങ്ങള്‍ പരസ്പരം കൈമാറുകയും ഫോട്ടോകളെടുക്കുകയും ചെയ്തു. ഈ പ്രദേശത്ത് മുമ്പും സമാന രീതിയില്‍ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. ഇതേ സ്ഥലത്തു വെച്ച് രണ്ടു വര്‍ഷം മുമ്പ് ഈജിപ്ഷ്യന്‍ യുവാവ് മുഹമ്മദ് അല്‍ദീബും നൂര്‍ഹാന്‍ അംറ് അബൂജരീശയും വിവാഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."