റോള്‍ മോഡലുകള്‍ ഇല്ലാതാവുന്ന കാലത്ത് സി.എച്ചിന്റെ പ്രസക്തിയേറുന്നു: സി.പി സൈതലവി
ദോഹ: രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും റോള്‍ മോഡലുകളെ അന്വേഷിക്കുന്ന കാലത്ത് സി.എച്ച് എന്ന അതുല്യപ്രതിഭയുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രസക്തിയേറുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ സി.പി സൈതലവി. ഖത്തര്‍ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിഭയും പ്രയത്‌നവും മന:ശുദ്ധിയും ഒത്തിണങ്ങിയ നേതാവായിരുന്നു മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ. രാഷ്ട്രീയം സമ്പന്നരുടെ മാത്രം വിളനിലമായിരുന്ന കാലത്ത് പാവപ്പെട്ടവന് എന്ത് നേടിക്കൊടുക്കാനാവുമെന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. പാവപ്പെട്ടവനു വേണ്ടി അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സാധുക്കളുടെ നേതാവ് സാധുവായി തന്നെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. താനും സാധുവായതിനാല്‍ സാധുക്കളെ പെട്ടെന്ന് മനസ്സിലാവുമെന്ന് അദ്ദേഹം പറയുമായിരുന്നു.
പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനോടു പോലും സംവാദത്തിന് തയ്യാറായ സി എച്ഛ് പ്രതിഭ കൊണ്ടും അസാമാന്യ പാടവം കൊണ്ടും എതിരാളികളെപ്പോലും വിസ്മയിപ്പിച്ചു. അഗ്‌നി ജ്വലിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് ഒരു ജനതയുടെ അകതാരില്‍ ആത്മവീര്യത്തിന്റെ വിത്തുപാകിയ മഹാനായിരുന്നു അദ്ദേഹം. സി എച്ഛിന്റെ ഒരു പ്രഭാഷണം കേട്ടാല്‍ ഒരു പുസ്തകം വായിക്കാന്‍ അത് ശ്രോതാക്കളെ പ്രേരിപ്പിക്കുമായിരുന്നു. സാഹിത്യവും വേദങ്ങളും തത്വചിന്തയുമെല്ലാം അവസരോചിതമായി പ്രയോഗിക്കുന്ന വാക്ചാതുരി ഏറെ പ്രശസ്തമാണ്. നിയമസഭയിലെ ചാട്ടുളി പോലുള്ള പ്രയോഗങ്ങള്‍ എതിര്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കാരില്‍ പോലും മതിപ്പുളവാക്കി. പ്രഭാഷണവും എഴുത്തും ഒരുപോലെ വഴങ്ങുമായിരുന്നു അദ്ദേഹത്തിന്റെ ആശീര്‍വാദത്താല്‍ വളര്‍ന്നുവന്നവര്‍ നിരവധിയാണ്. കോഴിക്കോട് സര്‍വ്വകലാശാലയും കൊച്ചി സാങ്കേതിക സര്‍വ്വകലാശാലയും സ്ഥാപിച്ച സി എച്ഛ് കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ വൈസ് ചാന്‍സലറാക്കിയ അനുഭവം കേരള ചരിത്രത്തിനുണ്ടെന്നും സി പി സൈതലവി വിശദീകരിച്ചു.
ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സംസ്ഥന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥന ട്രഷറര്‍ മുഹമ്മദലി പാലക്കാട്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍, ട്രഷറര്‍ അലി മൊറയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."