മുടി മുറിച്ചതിന് മൂന്നാം ക്ലാസുകാരന് ശാസന; വടിയെടുത്ത് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയി പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ അസംബ്ലിയിലോ മറ്റു കുട്ടികളുടെ മുന്നിലോവച്ച് അപമാനിക്കുന്നത് കടുത്ത ബാലാവകാശ ലംഘനമായി കണക്കാക്കി ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍.
ഏതെങ്കിലും വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ അച്ചടക്കം ലംഘിച്ചാല്‍ അതില്‍ പൊലിസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ അംഗങ്ങളായ കെ. നസീര്‍, ബി. ബബിത എന്നിവരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവായി.
മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്റെ മുടി മുറിച്ചതില്‍ അപാകത സംഭവിച്ചതായി ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച നടപടിയാണ് പരാതിക്ക് ഇടയാക്കിയത്.
എണ്ണൂറോളം കുട്ടികളുണ്ടായിരുന്ന അസംബ്ലിയില്‍ കുട്ടിയെ സ്റ്റേജില്‍ കയറ്റി പുറംതിരിച്ചുനിര്‍ത്തി മുടി പൊക്കി മറ്റുകുട്ടികള്‍ക്കു കാണിച്ച് പരസ്യമായി വഴക്കു പറഞ്ഞെന്നും മൂന്നു ദിവസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്‌തെന്നുമാണ് പരാതി.
ഒന്‍പതു വയസു മാത്രമുള്ള വിദ്യാര്‍ഥിയെ കേവലം അച്ചടക്കത്തിന്റെ പേരുപറഞ്ഞ് സ്റ്റേജില്‍ കയറ്റി അപമാനിച്ചത് കുട്ടിയുടെ അഭിമാനത്തിനെതിരേയുള്ള അവകാശ നിഷേധവും ബാലാവകാശ ലംഘനവുമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
സ്‌കൂളിലെ അച്ചടക്കം നിലനിര്‍ത്താന്‍ പ്രിന്‍സിപ്പലിന് അധികാരമുണ്ടെങ്കിലും അച്ചടക്കലംഘനത്തിന്റെ തോതനുസരിച്ച് നടപടി സ്വീകരിക്കുന്നതിനു പകരം കുട്ടിക്ക് ആത്മാഭിമാനത്തിന് ക്ഷതം ഉണ്ടാകുന്ന തരത്തില്‍ അപമാനിക്കുന്നത് ബാലാവകാശ ലംഘനവും കുറ്റകരവുമാണെന്ന് കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."