ജയിലില്‍ ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ജയില്‍ വകുപ്പ്: അന്വേഷണ റിപ്പോര്‍ട്ട് നിഷേധിച്ച് അഭിഭാഷകന്
തിരുവനന്തപുരം: ജയിലില്‍ ഭീഷണിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അട്ടക്കുളങ്ങര ജയിലില്‍ ഭീഷണിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന സ്വപ്നയുടെ നിലപാട് ഉദ്ധരിച്ചാണ് ഡി.ഐ.ജിയുടെ കണ്ടെത്തല്‍. സ്വപ്നയെ പാര്‍പ്പിച്ച മറ്റ് ജയിലുകളിലെ കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു.
സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി അജയകുമാര്‍ അന്വേഷണം നടത്തിയത്. അട്ടക്കുളങ്ങര ജയില്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ സ്വപ്നയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതായാണ് ഡി.ഐ.ജിയുടെ കണ്ടെത്തല്‍.
അതേസമയം സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഴുതി നല്‍കിയതെന്നും ജയില്‍ വകുപ്പ് പറയുന്നത് തെറ്റെന്നും സ്വപ്നയുടെ അഭിഭാഷകന് സൂരജ് ഇലഞ്ഞിക്കല്‍. കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് എഴുതി നല്‍കിയതെന്നും സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു.
ഏത് തരത്തിലുള്ള അന്വേഷണമാണ് ജയില്‍ വകുപ്പ് നടത്തിയതെന്ന് വ്യക്തമല്ല, ജയില്‍ വകുപ്പിന്റെ അന്വേഷണത്തിന് നിയമസാധുതയുണ്ടോ എന്നത് പരിശോധിക്കണമെന്നും സ്വപ്നയുടെ അഭിഭാഷകന് പറഞ്ഞു.
നേരത്തെ സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."