സ്‌നേഹഗ്രാമം പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സൗഹൃദമുന്നണിക്ക് അട്ടിമറി വിജയം
പത്തനാപുരം: ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സ്‌നേഹഗ്രാമം പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സൗഹൃദമുന്നണിക്ക് അട്ടിമറി വിജയം.
സ്‌നേഹഗ്രാമത്തിലെ ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടിലും സൗഹൃദ മുന്നണി വിജയം നേടി. ജനകീയമുന്നണിക്ക് ഒരു സീറ്റാണ് നേടാനായത്. സൗഹൃദമുന്നണി സ്ഥാനാര്‍ഥിയായി വിജയിച്ച സ്‌നേഹഗ്രാമം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. വിജയലക്ഷ്മി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സി.പി ദേവസ്യ (വൈസ് പ്രസിഡന്റ്), വേലുസ്വാമി (ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍), കൃഷ്ണകുമാര്‍, നിര്‍മ്മല, ഷാലിമ, ഷാഹിന, രാജഗോപാല്‍ (മെംബര്‍മാര്‍) എന്നിവരാണ് മറ്റ് തെരഞ്ഞെടുക്കപ്പെട്ടവര്‍. ജനകീയമുന്നണിയില്‍ നിന്ന് ഷക്കാനയ്ക്ക് മാത്രമാണ് വിജയത്തിന്റെ മധുരം നുകരാനായത്.
തൊണ്ണൂറ്റിയെട്ട് ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസര്‍ വിജയന്‍ ആമ്പാടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മെംബര്‍മാര്‍ ഏകകണ്‌ഠേന പ്രസിഡന്റിനെ തീരുമാനിക്കുകയായിരുന്നു.
ലോകചരിത്രത്തില്‍ ആദ്യമായാണ് അഭയകേന്ദ്രത്തിലെ അന്തേവാസികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മിറ്റിയെ ഭരണചുമതല ഏല്‍പ്പിക്കുന്നത്. 2005ലാണ് സാങ്കല്‍പ്പികമായ സ്‌നേഹഗ്രാമം പഞ്ചായത്തിന് രൂപം നല്‍കി ഗാന്ധിഭവനുള്ളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. അഞ്ചു വാര്‍ഡുകളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ ഒന്‍പതു മണ്ഡലങ്ങള്‍ ഇരുപത്തിരണ്ട് വാര്‍ഡുകള്‍. വര്‍ഷം തോറും പൊതുതെരഞ്ഞെടുപ്പ് മാതൃകയില്‍ തെരഞ്ഞെടുപ്പ് ചടങ്ങള്‍ പാലിച്ച് ഒരു ഇലക്ഷന്‍ കമ്മിഷന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അന്തേവാസികള്‍ ഭരണാധികളാകുന്നുവെന്നതും ഇവര്‍ക്കായി ഒരു പഞ്ചായത്ത് ഓഫിസ് പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു എന്നതും എടുത്തുപറയപ്പെടേണ്ടതാണ്.
ഗാന്ധിഭവനിലെ അന്തേവാസികളുടെ ക്ഷേമം, ഭക്ഷണം, ചികിത്സ, ശുചിത്വം, അച്ചടക്കം എന്നിവയുടെ ചുമതലയാണ് സ്‌നേഹഗ്രാമം ഭരണസമിതി നിര്‍വഹിക്കുക. തങ്ങള്‍ അനാഥരല്ലെന്നും, കര്‍മ്മശേഷി ഉള്ള ഭരണാധികാരികളാണെന്നുമുള്ള ചിന്തയിലൂടെ കുടുംബാംഗങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ പങ്കാളികളാകാനും അവരില്‍ ആത്മധൈര്യം പകരാനുമാണ് ഭരണസമിതി തെരഞ്ഞെടുപ്പ് 15 വര്‍ഷങ്ങളായി നടത്തിവരുന്നതെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."