വ്യാപാരിയെ അക്രമിച്ച് തങ്കക്കട്ടി കൊള്ളയടിച്ച സംഭവം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
തലശേരി: സ്വര്‍ണ വ്യാപാരിയെ തലക്കടിച്ചു വീഴ്ത്തി തങ്കക്കട്ടി കൊള്ളയടിച്ച കേസില്‍ മൂന്ന് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് പാലാപ്പറമ്പ് കൈലാസത്തില്‍ സോനു എന്ന സ്വരലാല്‍ (32), തൊക്കിലങ്ങാടി കല്ലുള്ളകണ്ടിയില്‍ ധ്വനി ഹൗസില്‍ വി.കെ രഞ്ജിത്ത് (25), സഹായിയായ പൂക്കോട് റോഡ് സ്വദേശി ജസീല മന്‍സിലില്‍ ടി. അഫ്‌സല്‍ (31) എന്നിവരെയാണ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത്.
കവര്‍ച്ചക്കായി ബൈക്കിലെത്തിയ മൂന്നാമനായ കൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ ഫിറോസ് ഹൗസില്‍ റമീസിനെ (26) ഇതുവരെയും പിടികൂടിയിട്ടില്ല. സ്വരലാലിനെയും രഞ്ജിത്തിനെയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അഫ്‌സലാണ് കവര്‍ച്ചയ്ക്കിരയായ വ്യാപാരിയായ ശ്രീകാന്ത് കദമിനെ കാണിച്ചുകൊടുത്തത്. സംഭവത്തിന്റെ തലേദിവസം അഫ്‌സല്‍ വ്യാപാരിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഫ്‌സലിനെ അന്വേഷണസംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികളെ പിടികൂടാന്‍വേണ്ടി അന്വേഷണസംഘം രണ്ടുതവണ ബംഗളൂരുവില്‍ പോയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ കോഴിക്കോടുണ്ടെന്നു വിവരം ലഭിച്ചത്. കൊള്ളയടിച്ച തൊണ്ടിമുതലായ തങ്കക്കട്ടി ഇവരില്‍നിന്ന് കണ്ടെടുത്തു. തങ്കക്കട്ടി വില്‍ക്കാനുള്ള തയാറെടുപ്പിനിടെയാണ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പൊലിസ് ഇവരെ വലയിലാക്കിയത്. മുന്‍പ് മൂവരും പിടിച്ചുപറി കേസിലെ പ്രതികളായിരുന്നു.
കഴിഞ്ഞ ആറിനായിരുന്നു എ.വി.കെ നായര്‍ റോഡിലെ സോനാ ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയുമായ ശ്രീകാന്ത് കദമിനെ ബൈക്കിലെത്തിയ മൂവര്‍ സംഘം മേലൂട്ട് മഠപ്പുരയ്ക്കു സമീപം ആക്രമിച്ച് 562 ഗ്രാം തങ്കക്കട്ടി കൊള്ളയടിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. റമീസിനെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണസംഘം പറഞ്ഞു.
പ്രിന്‍സിപ്പല്‍ എസ്.ഐ ബിനു മോഹന്‍, എസ്.ഐ ഹരീഷ്, പൊലിസുകാരായ രാജീവന്‍, ശ്രീജേഷ്, സുജേഷ്, മെറൂജ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."