യൂനിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: പ്രതികള്‍ സി.പി.എം സംരക്ഷണയില്‍?
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ പ്രതികള്‍ സി.പി.എം സംരക്ഷണയിലെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് റിപ്പോര്‍ട്ട്. പ്രതികള്‍ തിരുവനന്തപുരം വിട്ടില്ലെന്നാണ് നിഗമനം.
അതേസമയം, സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. നേമം സ്വദേശിയായ ഇജാബാണ് പൊലീസ് പിടിയിലായത്. ഇജാബിനെതിരെ ആദ്യം കേസെടുത്തിരുന്നില്ല.
എന്നാല്‍ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.
കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണ് കുത്തിയതെന്ന് അഖില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. രണ്ടാം പ്രതി നസീമും മറ്റൊരു പ്രതിയായ അമലും പിടിച്ചുനിര്‍ത്തി. 'കോളജില്‍ കിടന്നു വിളഞ്ഞാല്‍ കുത്തിക്കൊല്ലുമെടാ' എന്ന് ആക്രോശിച്ചായിരുന്നു ശിവരഞ്ജിത്ത് കത്തി കുത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികളും ഇക്കാര്യം സ്ഥിരീകരിച്ച് മൊഴി നല്‍കി.
തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് കുത്തേറ്റ അഖില്‍ ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറോടും വെളിപ്പെടുത്തിയിരുന്നു. സംഘത്തില്‍ ഇരുപതിലേറെ എസ്.എഫ്.ഐക്കാരുണ്ടായിരുന്നുവെന്നും അഖില്‍ വെളിപ്പെടുത്തി. ഡോക്ടര്‍ ഇക്കാര്യം പൊലിസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ പൊലിസിന് അഖിലിന്റെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ഡോക്ടര്‍ അനുമതി നല്‍കിയാല്‍ ഇന്ന് മൊഴിയെടുക്കാനാണ് സാധ്യത. അഖില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
അതിനിടെ, യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പിരിച്ചുവിട്ടതായി ഇന്നലെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."