സന്തോഷത്തോടെ 'ദുഃഖം' രേഖപ്പെടുത്തുന്നവര്‍..!
വിദ്യാര്‍ഥികളുടെ ഭാവിസ്വപ്നങ്ങള്‍ അന്വേഷിച്ചറിയുകയായിരുന്നു അധ്യാപകന്‍. കൂട്ടത്തില്‍നിന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു: ''സാറേ, എനിക്ക് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ആകാനാണ് ആഗ്രഹം.''
അധ്യാപകന്‍ ചോദിച്ചു: ''അതെന്താ അങ്ങനെ..?''
വിദ്യാര്‍ഥി പറഞ്ഞു: ''വലിയ ശമ്പളം കിട്ടുന്ന ഉയര്‍ന്ന പദവിയാണല്ലോ അത്..''
''വലിയ ശമ്പളം കിട്ടുന്ന ഉയര്‍ന്ന പദവികള്‍ വേറെയുമില്ലേ..''
''പക്ഷെ, ഈ പദവി മറ്റുള്ളതില്‍നിന്നെല്ലാം വ്യത്യസ്തമാണ്..''
''അതെന്താ..?''
''തീരെ അധ്വാനമുണ്ടാകില്ല.. എന്ത് അനര്‍ഥങ്ങളുണ്ടായാലും ദുഃഖം രേഖപ്പെടുത്തുക മാത്രം ചെയ്താല്‍ മതി. ഇനി അതിനും സമയമില്ലെങ്കില്‍ ഏതെങ്കിലും ഔദ്യോഗിക വക്താവിനെ അതിനായി നിയോഗിച്ചാലും മതി..''
ഒട്ടും ചെലവില്ലാത്തതും ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ പറ്റുന്നതും എന്നാല്‍ നഷ്ടമേറ്റവര്‍ക്ക് ഗുണമില്ലാത്തതുമായ വിദ്യയാണ് ദുഃഖം രേഖപ്പെടുത്തല്‍. രേഖപ്പെടുത്തുന്നവര്‍ക്ക് അതില്‍ സ്വാര്‍ഥ താല്‍പര്യങ്ങളുണ്ടാകുമെങ്കിലും നഷ്ടക്കാര്‍ക്ക് നഷ്ടത്തിനൊരു കുറവുമുണ്ടാവില്ല.
രാഷ്ട്രീയ പോരു മൂത്ത് എതിരാളികള്‍ നിങ്ങളുടെ വീട് അക്രമിക്കുകയും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്തുവെന്നു കരുതുക. എതിരാളികളെ പിന്തിരിപ്പിക്കാന്‍ കഴിയുമായിരുന്ന നിങ്ങളുടെ അയല്‍ക്കാരന്‍ അവരെ പിന്തിരിപ്പിച്ചില്ലെന്നു മാത്രമല്ല, സംഭവസ്ഥലത്ത് ഒന്നു വന്നുനോക്കുക പോലും ചെയ്തില്ല. പകരം അങ്ങാടിയില്‍ ചെന്ന് ആളുകളോട് പറഞ്ഞു: ''ആ വീട് അക്രമിക്കപ്പെട്ടതില്‍ എനിക്ക് അതിയായ സങ്കടമുണ്ട്..''
ഈ സങ്കടപ്രകടനത്തെ നിങ്ങള്‍ എങ്ങനെ കാണും..? ആ അയല്‍ക്കാരനെ ആത്മസുഹൃത്തായി കാണാന്‍ നിങ്ങള്‍ക്കു കഴിയുമോ...?
ദൗര്‍ഭാഗ്യവശാല്‍, ചില അധികാരികളുടെ ദുഃഖപ്രകടനങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
ദുഃഖം രേഖപ്പെടുത്തിയതുകൊണ്ടുമാത്രം എന്തു കാര്യം..? വീട്ടില്‍ അരി തീര്‍ന്ന വിവരം പറഞ്ഞ ഭാര്യയോട് ഭര്‍ത്താവ് 'ഞാനതില്‍ ദുഃഖം രേഖപ്പെടുത്തുന്നു' എന്നു മാത്രം പറഞ്ഞ് തടിതപ്പിയാല്‍ എങ്ങനെയുണ്ടാകും...? പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയ മകനോട് പിതാവ് 'ഞാനിതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു' എന്നു മാത്രം പറഞ്ഞ് തന്റെ പാടുമായി നീങ്ങിയാല്‍ എങ്ങനെയിരിക്കും..? നിങ്ങളുടെ മകന്‍ എന്റെ സ്വത്ത് നശിപ്പിച്ചുവെന്ന പരാതിയുമായി വന്ന അയല്‍ക്കാരനോട് രക്ഷിതാവ് 'എനിക്കതില്‍ അതിയായ ഖേദമുണ്ട്' എന്നു മാത്രം പറഞ്ഞ് തടിയൂരിയാല്‍ എന്തായിരിക്കും സ്ഥിതി..?
ദുഃഖം രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ദുഃഖഹേതു ഇല്ലാതാകില്ല. പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ട് പ്രതിഷേധകാരണം അപ്രത്യക്ഷമാകില്ല. കാര്യങ്ങളെ കേവലമൊരു ഖേദപ്രകടനത്തില്‍ മാത്രം ഒതുക്കിയാല്‍ ഖേദകാരണം തിരിച്ചുവരാതിരിക്കില്ല.
ഇരകള്‍ക്കുവേണ്ടത് രേഖപ്പെടുത്തിയ ദുഃഖമല്ല, പ്രശ്‌നത്തിനുള്ള പരിഹാരമാണ്. അതിനാണവര്‍ കഠിനമായി ദാഹിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനമില്ലെങ്കില്‍ കപടമായ പ്രകടനങ്ങളില്‍നിന്ന് രാജിയാകുന്നതാണു മാന്യത. ദുഃഖം രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിയും. ദുഃഖം ദൂരീകരിച്ചുകൊടുക്കാനാണ് കഴിവു വേണ്ടത്.
'ഈ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു' എന്നാണ് ചിലരുടെ പ്രഖ്യാപനങ്ങള്‍. ഈ പ്രഖ്യാപനത്തില്‍ ഒരു തമാശയുണ്ടാകാറുണ്ട്. ദുഃഖിതരോടല്ല, ദുഃഖമില്ലാത്തവരടങ്ങുന്ന സമൂഹത്തോടാണ് പലരും ഇതു നടത്താറുള്ളത്. പ്രഖ്യാപനം കഴിഞ്ഞ് ഒന്നു തിരിയുമ്പോഴേക്കും അവര്‍ അവരുടെ സഹപ്രവര്‍ത്തകരുമായി ചിരിയിലും തമാശയിലും പങ്കുചേരുകയും ചെയ്യും..! ചിലപ്പോള്‍ ചിരിച്ചുകൊണ്ടായിരിക്കും ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുക..! ദുഃഖമില്ലാത്തവര്‍ എങ്ങനെ ദുഃഖം രേഖപ്പെടുത്തുമെന്നാണ് മനസിലാകാത്തത്.
ഖേദമില്ലാത്തവരും ഖേദ'പ്രകടനം' നടത്താറുണ്ട്. ആ പ്രകടനം കുറ്റബോധംകൊണ്ടല്ല, നിലനില്‍പിന്റെ ഭാഗമായി ചെയ്യുന്നതാണ്. സീറ്റുപോകുമെന്നോ ജനപിന്തുണ കുറയുമെന്നോ പ്രതിഷേധ സ്വരങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നോ കണ്ടാല്‍ ഉടന്‍ ഈ കപടായുധം അവര്‍ പുറത്തെടുക്കും.
അഭിനയ കല വിട്ട് ചില നടന്മാര്‍ രാഷ്ടീയത്തിലേക്കു ചേക്കേറാറുണ്ട്.. രാഷ്ടീയം വിട്ട് അഭിനയ കലയിലേക്കു കടന്നുവന്നാല്‍ അതിവേഗം സീറ്റു ലഭിക്കുമെന്നാണ് വ്യക്തിപരമായ ഒരഭിപ്രായം.
കേവലം രേഖപ്പെടുത്തലുകളില്‍ ഒതുക്കാവുന്നതല്ല ദുഃഖവും ഖേദവും പ്രതിഷേധവുമെല്ലാം. പരിഹാരനടപടികള്‍ക്കു പ്രേരിപ്പിക്കുന്ന ചില വികാരങ്ങളാണവ. ദുഃഖം രേഖപ്പെടുത്തി രംഗം കാലിയാക്കുന്നവരെ കണ്ടാല്‍ മനസിലാക്കാം അവരുടെ ആ ദുഃഖപ്രകടനത്തിന്റെ ഉത്ഭവം മനസല്ല, നാവു മാത്രമാണെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."