തോക്കും കത്തിയും കണ്ട് പതറിയില്ല: കവര്‍ച്ചക്കാരെ ഇഞ്ചിപ്പരുവമാക്കി ജ്വല്ലറി ജീവനക്കാര്‍- വീഡിയോ
ഓമശ്ശേരി (കോഴിക്കോട്): തോക്കും കത്തിയും ചൂണ്ടി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി ഈസിയായി കവര്‍ച്ച ചെയ്തു മടങ്ങാമെന്ന് കണക്കുകൂട്ടിയെത്തി കള്ളന്മാര്‍ക്കു മുന്നില്‍ ഹീറോകളായി ജീവനക്കാര്‍. കോഴിക്കോട് ഓമശ്ശേരില്‍ കഴിഞ്ഞദിവസം രാത്രിയില്‍ അരങ്ങേറിയ കവര്‍ച്ചയാണ് ജീവനക്കാര്‍ ജീവന്‍ പണയംവച്ച് പ്രതിരോധിച്ചത്.
ഓമശ്ശേരി-മുക്കം റോഡില്‍ ശാന്തി ഹോസ്പിറ്റലിന് സമീപത്തെ ശാദി ഗോള്‍ഡിലാണ് കവര്‍ച്ച നടന്നത്. കടയടക്കുന്നതിന് മുന്നോടിയായി 7.25 ഓടെ സ്റ്റോക്കിറക്കി ലോക്കറില്‍ വയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് മുഖംമൂടിയും ഗ്ലൗസും ധരിച്ച് മൂന്നുപേര്‍ ജ്വല്ലറിയുടെ പാതിയിലധികം താഴ്ത്തിയ ഷട്ടര്‍ തുറന്ന് ഉള്ളില്‍ കയറിയത്. ഒരാളുടെ കൈയില്‍ തോക്കും മറ്റു രണ്ടുപേരുടെ പക്കല്‍ കത്തിയുമുണ്ടായിരുന്നു. കയറിയ ഉടന്‍ മാനേജരോട് സ്വര്‍ണവും പണവും ആവശ്യപ്പെട്ട സംഘം ലോക്കറില്‍ വയ്ക്കാന്‍ തയാറാക്കി വച്ച വളകള്‍ കെയ്‌സോടെ തന്നെ അവര്‍ കൊണ്ടുവന്ന കവറിലിടുകയായിരുന്നു. പിന്നീട് ബാക്കിയുള്ള ആഭരണങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ മനോധൈര്യം വീണ്ടെടുത്ത് കവര്‍ച്ചക്കാര്‍ക്കു മേല്‍ ചാടി വീഴുകയായിരുന്നു.
[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2019/07/WhatsApp-Video-2019-07-14-at-11.51.32-AM.mp4"][/video]
ജീവനക്കാരുടെ പെട്ടെന്നുള്ള തിരിച്ചടിയില്‍ പകച്ച മൂവര്‍ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തോക്ക് കൈവശം വച്ചിരുന്നയാളെ അതിസാഹസികമായി ജീവനക്കാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. പിടിയിലായ ആളെ നാട്ടുകാരുടെ സഹായത്തോടെ ബന്ധിപ്പിക്കുകയും തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിടിയിലായയാള്‍ ബംഗാള്‍ സ്വദേശിയാണ്. രക്ഷപ്പെട്ട രണ്ടുപേരും ബംഗാള്‍ സ്വദേശികളാണെന്നാണ് സൂചന. മല്‍പിടുത്തത്തിനിടയില്‍ ജീവനക്കാരായ ഷാജു, മനു, അബ്രഹാം, ഫാഇസ്, അക്ഷയ് എന്നിവര്‍ക്ക് പരുക്കേറ്റു. ഒരു തോക്ക്, ഒരു കത്തി, മൊബൈല്‍ ഫോണ്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2019/07/WhatsApp-Video-2019-07-14-at-6.01.33-AM.mp4"][/video]
അബോധാവസ്ഥയിലായ പ്രതിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 100 ഗ്രാമോളം വരുന്ന 15 വളകള്‍ നഷ്ടമായെന്ന് ജീവനക്കാര്‍ പറഞ്ഞു. ജ്വല്ലറിയിലെ സംഭവങ്ങള്‍ ഇവിടെ സ്ഥാപിച്ച സി.സി.ടി.വി കാമറയിലും കവര്‍ച്ചക്കാര്‍ വരുന്നതും പോകുന്നതും തൊട്ടടുത്ത കടകളിലെ സി.സി.ടി.വി കാമറകളിലും പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. തോക്ക് പൂര്‍ണമായും നിറക്കപ്പെട്ടതായിരുന്നുവെന്നും വലിയ അപകടമാണ് ഒഴിവായതെന്നും പൊലിസ് പറഞ്ഞു. ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."