ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വിശ്വാസികള്‍ മുന്നിട്ടിറങ്ങണം: സമസ്ത
കണ്ണൂര്‍: ദാനധര്‍മങ്ങള്‍ക്ക് ഏറെ പുണ്യം ലഭിക്കുന്ന വിശുദ്ധ റമദാന് മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ വിശ്വാസികള്‍ തയാറാവണമെന്നും അവശരെയും അശരണരെയും സഹായിച്ചാല്‍ മാത്രമേ വ്രതം പൂര്‍ണമാവുകയുള്ളൂവെന്നും സമസ്ത നേതാക്കളായ പി.കെ.പി അബ്ദുസലാം മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര്, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണു റമദാന്. മാനവിക സൗഹാര്‍ദം ശക്തിപ്പെടുത്താനും കുടുംബ ബന്ധങ്ങള്‍ ബലപ്പെടുത്താനും പുണ്യദിനങ്ങള്‍ ഉപയോഗപ്പെടുത്തണം. വ്രതം ആഘോഷമായി കാണാതെ ആരാധനയായി കാണണം. ഇഫ്താര്‍ വിരുന്നുകള്‍ ആര്ഭാടമാകാതിരിക്കാനും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പരിസ്ഥിതി സൗഹൃദമാക്കാനും സന്നദ്ധ സംഘടനകളും മഹല്ല് കമ്മിറ്റികളും ജാഗ്രത കാണിക്കണം. ഉപവാസം കൊണ്ട് ശരീരത്തെ മെരുക്കിയെടുക്കും പോലെ തന്നെ ഉപാസനകള്‍ കൊണ്ട് മനസിനെ സംസ്കരിക്കാന്‍ നമുക്കു കഴിയണമെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."