കുടിവെള്ളമില്ല; മേപ്പാടി- കുപ്പച്ചി കോളനിക്കാര്‍ ദുരിതത്തില്‍
മേപ്പാടി: മഴക്കാലത്തും കുടിവെള്ളത്തിനായി അലയുകയാണ് താഞ്ഞിലോട് കുപ്പച്ചി കോളനിവാസികള്‍. ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോളനിയിലെ കുടുംബങ്ങള്‍ ഒരു കിലോമീറ്ററോളം തലച്ചുമടായാണ് നിലവില്‍ കുടിവെള്ളം എത്തിക്കുന്നത്.
കോളനിക്ക് സമീപത്തുകൂടെ ഒഴുകുന്ന തോടിനെയാണ് ഇവര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. കോളനിയില്‍ ലക്ഷങ്ങള്‍ മുടക്കി രണ്ടു തവണ കുടിവെള്ള പദ്ധതി തുടങ്ങിയെങ്കിലും അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് ജലവിതരണം മുടങ്ങുകയായിരുന്നു. സമഗ്ര കോളനി വികസന പദ്ധതിയിലുള്‍പെട്ട കോളനിയാണിത്. ഒന്നര കോടി രൂപയിലേറെ വിവിധ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നുണ്ട്. എന്നാല്‍ കോളനിയില്‍ കുടിവെള്ളമൊരുക്കുന്നതിന് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വര്‍ഷകാലമെത്തിയതോടെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീഴുന്ന മഴവെള്ളമാണ് കോളനിക്കാര്‍ ഉപയോഗിക്കുന്നത്. മഴമാറിയാല്‍ പുഴയില്‍ നിന്ന് വെള്ളം ശേഖരിച്ച് കോളനിയ്ക്ക് തലച്ചുമടായി എത്തിക്കേണ്ട സ്ഥിതിയാണ്. മേപ്പാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ഉള്‍പെടുന്ന കോളനിയില്‍ കുടിവെള്ള പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയ തുക പര്യാപ്തമല്ല. സമഗ്ര കോളനി വികസന പദ്ധതിയിലുള്‍പെടുത്തി കുടിവെള്ള പദ്ധതി ഒരുക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."