പുലിമുട്ടില്‍ സിഗ്നല്‍ സംവിധാനം നിലച്ചു
അഴീക്കല്‍ ലൈറ്റ് ഹൗസ് അക്വേഷ്യ മരങ്ങള്‍ മൂടുന്നു
കണ്ണൂര്‍: കരയില്‍ നിന്നുള്ള ദിശാസൂചികയും സിഗ്നല്‍ സംവിധാനവും നിലച്ചതോടെ രാത്രികാലങ്ങളില്‍ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലിസും വഴിതെറ്റുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അഴീക്കലില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ കരകാണാതെ മണല്‍തിട്ടയില്‍ ഇടിച്ചതിനു പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനത്തെ പോലും സാരമായി ബാധിക്കുന്ന തരത്തില്‍ കരയില്‍ നിന്നുള്ള എല്ലാ സിഗ്നല്‍ സംവിധാനവും നിലച്ചിരിക്കുന്നത്. അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം നട്ടുപിടിപ്പിച്ച അക്വേഷ്യ മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്.
കടലില്‍ നിന്നു നോക്കിയാല്‍ ലൈറ്റ് ഹൗസിലെ പ്രകാശം പൂര്‍ണമായും മരങ്ങള്‍ മറക്കുന്ന സ്ഥിതിയാണ്. കോസ്റ്റല്‍ പൊലിസ് ഉള്‍പ്പെടെ കലക്ടര്‍ക്കും ഫിഷറീസ് വകുപ്പിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ഇതിനു പുറമേ പുലിമുട്ടിന്റെ ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള സിഗ്നല്‍ സംവിധാനവും അഴീക്കലില്‍ തകര്‍ന്നിരിക്കുകയാണ്. ആഴക്കടലില്‍ നിന്നു എത്തുന്നവര്‍ക്ക് ഹാര്‍ബറിലേക്കുള്ള വഴി കൃത്യമായി അറിയുന്ന മുഴുവന്‍ ലൈറ്റുകളും ഇപ്പോള്‍ അണഞ്ഞിരിക്കുകയാണ്. ഇതോടെ ബോട്ടുകള്‍ മണല്‍തിട്ടയില്‍ ഇടിച്ച് മറിയുന്നതും മത്സ്യത്തൊഴിലാളികള്‍ കടലില്‍ അകപ്പെടുന്നതും പതിവായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി രാത്രിയില്‍ കടലില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയും അഴീക്കല്‍ ഭാഗത്തുണ്ട്.
കോസ്റ്റല്‍ വിഭാഗത്തിനു വഴി മനസിലാകാനുള്ള ബോയകളിലെ സിഗ്നല്‍ ലൈറ്റുകളും അണഞ്ഞിരിക്കുകയാണ്. രാത്രിസമയങ്ങളില്‍ യാത്രാബോട്ടുകള്‍ വഴിതെറ്റാതിരിക്കാനും മത്സ്യബന്ധന വലകള്‍ ബോട്ട് പോകുന്ന റൂട്ടില്‍ ഇടാതിരിക്കാനും ബോട്ടും ജങ്കാറും രണ്ട് റൂട്ടില്‍ സര്‍വിസ് നടത്താനുമാണ് ബോയകള്‍ ഉപയോഗിക്കുന്നത്. രാത്രികാല മത്സ്യബന്ധനത്തിന്റെ ഭാഗമായ രക്ഷാപ്രവര്‍ത്തനത്തെ ബോയകള്‍ ഇല്ലാത്തത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ട്രോളിങ് നിരോധന സമയത്തെ രാത്രികാല പരിശോധനയെയും സിഗ്നല്‍ സംവിധാനം ബാധിക്കാറുണ്ട്.
മഴക്കാലമെത്തുന്നതോടെ കടല്‍ പ്രക്ഷുബ്ദമായി മത്സ്യബന്ധന ബോട്ടുകളും മറ്റും അപകടത്തില്‍പ്പെടുന്നതു വര്‍ധിക്കാറുണ്ട്.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പും തുറമുഖ വകുപ്പും മുന്‍കൈയെടുത്താണ് ദിശാസൂചികയും സിഗ്നല്‍ സംവിധാനവും പ്രവര്‍ത്തനസജ്ജമാക്കേണ്ടത്. അക്വേഷ്യ മരങ്ങളുടെ കൊമ്പ് മുറിച്ചു മാറ്റുന്നതിനും വേഗത്തില്‍ ഇടപെടല്‍ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."