എടച്ചേരിയില്‍ വീണ്ടും സാമൂഹ്യദ്രോഹികളുടെ അക്രമം
എടച്ചേരി: എടച്ചേരിയില്‍ വീണ്ടും സാമൂഹ്യദ്രോഹികളുടെ അക്രമം. ചുണ്ടയിലെ പി.ആര്‍ കുറുപ്പ് സ്മാരക വായനശാലയുടെ ജനല്‍ച്ചില്ലുകള്‍ സാമൂഹ്യദ്രോഹികള്‍ തകര്‍ത്തു. ജനതാദള്‍ (യു) ഓഫിസിന്റെ താഴെ നിലയിലാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
മാസങ്ങള്‍ക്ക് മുന്‍പ് എടച്ചേരി തുരുത്തിയിലെ ജനതാദള്‍ പ്രവര്‍ത്തകരെ മര്‍ദിക്കുകയും കാര്‍ഷികവിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. നാലു മാസം മുന്‍പ് ഇതേ കെട്ടിടത്തിന്റെ മറ്റൊരു ജനല്‍ചില്ല് തകര്‍ത്തിരുന്നു. നിരവധി തവണ ഓഫിസിനു നേരെ അക്രമങ്ങളുണ്ടായിട്ടുണ്ട്.
തുരുത്തിയില്‍ ജനതാദള്‍ പ്രവര്‍ത്തകരുടെ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയും പ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണി മുഴക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ജനതാദള്‍ പ്രവര്‍ത്തകര്‍ എടച്ചേരി പൊലിസില്‍ പരാതി കൊടുത്തിരുന്നു. പൊലിസിന്റെ നിഷ്‌ക്രിയത്വമാണ് പാര്‍ട്ടി ഓഫിസുകള്‍ക്കും വായനശാലക്കും നേരെ അക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു.
പൊലിസ് ഇനിയും അലംഭാവം കാണിക്കുകയാണെങ്കില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തുമെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി.എം നാണു, സെക്രട്ടറി എം.പി വിജയന്‍, ജനതാദള്‍ (യു) പഞ്ചായത്ത് പ്രസിഡന്റ് വത്സരാജ് മണലാട്ട്, ഇ.കെ കുഞ്ഞിക്കണ്ണന്‍, ടി.കെ ബാലന്‍, എം.പി വാസു എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."