പയ്യന്നൂര്‍ക്കാരുടെ സ്വന്തം കെ.ആര്‍ എന്ന കെ. രാഘവന്‍
പയ്യന്നൂര്‍: കെ.ആര്‍ എന്നാല്‍ പയ്യന്നൂരിലും സമീപ പ്രദേശകാര്‍ക്കും ഒരേയൊരു വ്യക്തിമാത്രമാണ്. അത് കിഴക്കെ കണ്ടങ്കാളി പ്രദേശ വാസികള്‍ക്ക് കൃഷിയെ അതിരറ്റു സ്‌നേഹിക്കുന്ന, ഒരിക്കലും അഴിമതിക്കറ പുരളാത്ത കെ. രാഘവനെന്ന രാഷ്ട്രീയക്കാരനാണ്. കുടുംബപരമായി കിട്ടിയ മൂന്നേക്കറോളം വരുന്ന വയലില്‍ മുടങ്ങാതെ കൃഷി ചെയ്യുന്ന ഇദ്ദേഹം കൃഷിയെ തന്നെയാണ് എന്നും ജീവനോപാധിയായി കാണുന്നത്. പുതുതലമുറയ്ക്ക് മാതൃകയായ ഒരു കര്‍ഷകനും രാഷ്ട്രീയക്കാരനുമായാണ് കെ.ആറിനെ നാട്ടുകാര്‍ കാണുന്നത്.
കുട്ടിക്കാലം തൊട്ടേ കൃഷിയെന്നത് കെ.ആറിന്റെ ജീവിതത്തിന്റെ ഭാഗമാണ്. സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയംഗം, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, സി.ഐ.ടി.യു പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ്, നിര്‍മാണ തൊഴിലാളി യൂനിയന്‍ ജില്ലാ ജോ. സെക്രട്ടറി, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയന്‍ ജില്ലാ സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെയും പാര്‍ട്ടി സംഘടനകളുടെയും പ്രധാന ഭാരവാഹിയായ തുടരുമ്പോഴും കൃഷിയെ കൈവെടിയുവാന്‍ കെ.ആര്‍ തയാറല്ല.
എന്നും പുലര്‍ച്ചെ 5.30ഓടെ തൊഴിലാളികള്‍ എത്തുന്നതിനു മുന്‍പേ സ്വന്തം കൃഷിയിടത്തില്‍ പണിയായുധങ്ങളുമായി ഈ എഴുപത് വയസുകാരനെത്തും. പ്രധാനമായും നെല്‍കൃഷിയാണെങ്കിലും ഇടവിളയായി ചെറുപയര്‍, മുതിര തുടങ്ങിയ ധാന്യകങ്ങളും കെ.ആര്‍ കൃഷി ചെയ്യാറുണ്ട്. ജീവിതത്തില്‍ ഇന്നുവരെ കൃഷിയില്‍ ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് കെ.ആര്‍ പറയുന്നു. വയലിലെ പണികളൊക്കെ തീര്‍ത്ത് ഒന്‍പത് മണിയോടെ തന്റെ സൈക്കിളുമായി നേരെ സി.ഐ.ടി.യു ഏരിയാ കമ്മിറ്റി ഓഫിസിലെത്തും. അന്‍പത് വര്‍ഷത്തില്‍ കൂടുതലായി സൈക്കിള്‍ ഇദ്ദേഹത്തിന്റെ സന്തത സഹചാരിയാണ്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അവര്‍ക്കുവേണ്ടി പ്രയത്‌നിക്കുന്ന ഇദ്ദേഹം മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ മാതൃകയാകുന്നതും ഇത്തരം പ്രത്യേകതകളിലൂടെ തന്നെ.
എന്നാല്‍ സ്വന്തം നാടിനുവേണ്ടി രാഷ്ട്രീയത്തിലും കാര്‍ഷികമേഖലയും മുതല്‍ക്കൂട്ടാകാന്‍ കഴിയുന്നതു തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്നാണ് സാധാരണക്കാരില്‍ സാധരണക്കാരനായ കെ.ആര്‍ എന്ന കെ. രാഘവന്‍ കരുതുന്നത്. പരേതയായ എന്‍. കാര്‍ത്യായനിയാണ് ഭാര്യ. മക്കള്‍ സുനില, സുനില്‍, സുധീര്‍കുമാര്‍, സുരേഷ് കുമാര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."