മേപ്പയ്യൂരില്‍ രണ്ട് വീടുകള്‍ക്കു നേരെ ബോംബേറ്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ രണ്ട് വീടുകള്‍ക്കു നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്. വിളയാട്ടൂര്‍ മൂട്ടപ്പറമ്പിലും കീഴ്പയ്യൂര്‍ പള്ളിക്കു സമീപവുമുള്ള വീടുകള്‍ക്കു നേരെയാണ് ബോംബാക്രമണമുണ്ടായത്. വിളയാട്ടൂര്‍ മൂട്ടപ്പറമ്പ് പുറത്തൂട്ടയില്‍ അബ്ദുല്‍ സലാമിന്റെ വീടിനു നേരെ ഞായറാഴ്ച പുലര്‍ച്ചെ 3.10നാണ് ബോംബേറ് നടന്നത്. ഒരെണ്ണം വീടിന്റെ മേല്‍ക്കൂരയിലും മറ്റൊന്ന് മുന്‍വശത്തെ വാതിലിലുമാണു പതിച്ചത്.
ബോംബേറില്‍ സ്വീകരണമുറിയിലെ ഷെല്‍ഫ് തകര്‍ന്നു. സംഭവസമയം ഉറങ്ങുകയായിരുന്ന അബ്ദുല്‍ സലാമും ഭാര്യയും താഴെ തെറിച്ചുവീഴുകയും ഭാര്യ ഫാത്തിമ ബോധരഹിതയാവുകയും ചെയ്തു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട കാറിന്റെ പിറകുവശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. വാതിലും ജനല്‍ ചില്ലുകളും മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ന്നിട്ടുണ്ട്. ഇവര്‍ രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവിടെനിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തെ കീഴ്പയ്യൂര്‍ പള്ളിക്കു സമീപത്തെ കുരുടഞ്ചേരി മുഹമ്മദ് സെയ്ഫുല്ലയുടെ വീടിനു നേരെയാണ് പുലര്‍ച്ചെ മൂന്നിനു ബോംബേറുണ്ടായത്. ഈ അക്രമിസംഭവമാണ് അബ്ദുല്‍ സലാമിന്റെ വീടിനു നേരെയും അക്രമം നടത്തിയതെന്നു സംശയിക്കുന്നു.
കാതടപ്പിക്കുന്ന ശബ്ദവും പുകയും കാരണം എന്താണു സംഭവിച്ചതെന്ന് അല്‍പനേരത്തിനു ശേഷമാണ് മനസിലായതെന്നു സെയ്ഫുല്ല പറഞ്ഞു. രണ്ട് ബോംബുകളിലൊന്ന് വീട്ടിനകത്തും മറ്റൊന്ന് പുറത്തെ ചുമരിലുമാണു പതിച്ചത്. ചുമരിനു കേടുപറ്റുകയും കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുമുണ്ട്. ആര്‍ക്കും പരുക്കില്ല. സെയ്ഫുല്ലയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സെയ്ഫുല്ലയും അബ്ദുല്‍ സലാമും കോണ്‍ഗ്രസ് അനുഭാവികളാണ്. പ്രദേശത്തു രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും നിലവിലില്ല. മറ്റെന്തെങ്കിലും ശത്രുതയാവാം ആക്രമണത്തിനു പിന്നിലെന്നും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും മേപ്പയ്യൂര്‍ എസ്.ഐ യൂസഫ് നടുത്തറമലും അഡിഷനല്‍ എസ്.ഐ പി.കെ ജയചന്ദ്രനും പറഞ്ഞു. പയ്യോളിയില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടന ശേഷിയുള്ള നാടന്‍ ബോംബുകളാണെന്ന് അവര്‍ പറഞ്ഞു. സ്‌ക്വാഡ് ഓഫിസര്‍മാരായ സന്തോഷ് കുമാര്‍, രജീഷ്, വിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."