സിറിയയിലേക്ക് പോകില്ലെങ്കില്‍ ഇറാന്‍ കപ്പല്‍ വിട്ടുതരാമെന്ന് ബ്രിട്ടന്‍
ലണ്ടന്‍: സിറിയയിലേക്ക് പോകില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാന്‍ തയാറാണെന്ന് ബ്രിട്ടന്‍. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഇക്കാര്യം ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷരീഫിനെ അറിയിച്ചത്. ഗ്രേസ് 1 എന്ന എണ്ണക്കപ്പലാണ് ബ്രിട്ടന്റെ കസ്റ്റഡിയിലുള്ളത്. സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് ജിബ്രാള്‍ട്ടറില്‍വച്ചാണ് കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയത്. അതേസമയം, മേഖലയിലെ സംഘര്‍ഷാവസ്ഥയും പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ഇറാന്‍ താല്‍പര്യപ്പെടുന്നതെന്നും അല്ലാതെ ആളിക്കത്തിക്കാനല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഗ്രേസ് 1 നെ പിടിച്ചുവച്ചത് ഉപരോധമേര്‍പ്പെടുത്തിയ സിറിയയിലേക്ക് പോകുന്നതുകൊണ്ടാണെന്നും അല്ലാതെ കപ്പല്‍ ഇറാന്റേതായതു കൊണ്ടല്ലെന്നും ജെര്‍മി ഹണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
ബ്രിട്ടീഷ് എണ്ണക്കപ്പലുകളുടെ സംരക്ഷണത്തിനായി ഗള്‍ഫ് മേഖലയിലെ സൈനികസാന്നിധ്യം വര്‍ധിപ്പിക്കാനുള്ള യു.കെയുടെ തീരുമാനത്തിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്. ഒരു യുദ്ധക്കപ്പല്‍ കൂടി മേഖലയിലേക്കയക്കാന്‍ യു.കെ തീരുമാനിച്ചിരുന്നു. എച്ച്.എം.എസ് ഡന്‍കണ്‍ എന്ന ടൈപ്പ് 45 ഡിസ്‌ട്രോയര്‍ ആണ് ബ്രിട്ടന്‍ ഇവിടേക്കയക്കുന്നത്. ബാള്‍ട്ടിക് കടലിലെ നാവികാഭ്യാസം പൂര്‍ത്തിയാക്കിയാണ് കപ്പല്‍ അടുത്തയാഴ്ചയോടെ ഗള്‍ഫിലെത്തുക.
നിലവില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്.എം.എസ് മോണ്‍ട്രോസ് എന്ന യുദ്ധക്കപ്പല്‍ ഇവിടെയുണ്ട്. ഈ കപ്പല്‍ മറ്റു യു.എസ് സഖ്യസേനാ കപ്പലുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. അതേസമയം, യു.എസിന്റെ ആഗോള സമുദ്രസഖ്യത്തില്‍ ഇത് ചേരില്ലെന്ന് ദി ഗാര്‍ഡിയന്‍ പറയുന്നു. നേരത്തെ ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ പിടികൂടിയതിനു പിന്നാലെ ബ്രിട്ടീഷ് ചരക്കുകപ്പലിനെ ഇറാനിയന്‍ ബോട്ടുകള്‍ വളഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."