ഞാന്‍ തെരഞ്ഞെടുത്തവനാണു 'ഞാന്‍'
എപ്പോള്‍ വിശേഷമന്വേഷിച്ചാലും 'സുഖം, സുഖകരം' എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. ഖിന്നനായി കാണപ്പെടാറേയില്ല. മുഖത്ത് സദാ നേരവും നല്ല തെളിച്ചവും വെളിച്ചവുമുണ്ടാകും. കൂടെയുള്ളവര്‍ക്കെല്ലാം അതിമാനുഷനാണദ്ദേഹം. സ്വയം സന്തുഷ്ടനാണെന്നു മാത്രമല്ല, മറ്റുള്ളവരിലേക്കു സന്തോഷം സന്നിവേശിപ്പിക്കുവാനും അദ്ദേഹത്തിനു കഴിവുണ്ട്. ഏതു സങ്കടക്കടലില്‍ കഴിയുന്നവനും അദ്ദേഹത്തിന്റെ കൂടെ രണ്ടു മണിക്കൂര്‍ ചെലവഴിച്ചാല്‍ മതി, അയാള്‍ സന്തുഷ്ടനായി മാറിയിട്ടുണ്ടാകും. അതുകൊണ്ടാണ് എല്ലാവര്‍ക്കും അദ്ദേഹം പുണ്യവാളനാകുന്നത്. അസൂയാര്‍ഹവും അസാധാരണവുമായ അദ്ദേഹത്തിന്റെ ഈ അവസ്ഥ കണ്ട് അത്ഭുതം കൂറിയ ഒരു മനുഷ്യന്‍ ഒരിക്കല്‍ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു:
''നിങ്ങള്‍ക്ക് ദുഃഖം എന്നൊരു വികാരം തീരെയില്ലേ.. എപ്പോഴും സന്തുഷ്ടനായി മാത്രം കാണപ്പെടാന്‍ കാരണമെന്താണ്...?''
അദ്ദേഹം പറഞ്ഞു: ''ദിവസവും രാവിലെ ഉണരുമ്പോള്‍ എനിക്കു മുന്നില്‍ രണ്ടു ചോയ്‌സുകളുണ്ടാകും. ഒന്നുകില്‍ ആ ദിവസം ദുഃഖിതനായി കഴിയുക. അല്ലെങ്കില്‍ സന്തുഷ്ടനായി കഴിയുക. ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഞാന്‍ എപ്പോഴും സന്തുഷ്ടനായി കഴിയുന്നതിനെ തെരഞ്ഞെടുക്കും. അപ്പോള്‍ അന്നെനിക്കു സന്തോഷമായിരിക്കും.
ദുരന്തങ്ങളും ദുരിതങ്ങളും വരുമ്പോള്‍ എനിക്കു മുന്നില്‍ രണ്ടു ചോയ്‌സുകളുണ്ടാകും. ഒന്നുകില്‍ മനംനൊന്ത് കഴിയുക. അല്ലെങ്കില്‍ അതില്‍നിന്നു പാഠം പഠിക്കുക. ഞാനെപ്പോഴും പാഠം പഠിക്കുകയെന്നത് തെരഞ്ഞെടുക്കും. അപ്പോഴും സന്തോഷം എന്നെ താലോലിക്കും.
എന്റെ അടുക്കല്‍ പരാതിയുമായി ആരു വരുമ്പോഴും രണ്ടു ചോയ്‌സുകളാണ് എനിക്കു മുന്നിലുണ്ടാകാറുള്ളത്. ഒന്നുകില്‍ അയാളുടെ പരാതി കേള്‍ക്കുക. എന്നിട്ട് നെഗറ്റീവ് എനര്‍ജി പകര്‍ന്നുകൊടുക്കുക. അല്ലെങ്കില്‍ അയാളുടെ പരാതി കേട്ട് പോസിറ്റീവ് എനര്‍ജി നുകര്‍ന്നുകൊടുക്കുക. ഞാനെപ്പോഴും പോസീറ്റീവ് എനര്‍ജി കൊടുക്കുന്നതിനെയാണ് തെരഞ്ഞെടുക്കാറുള്ളത്. ഈ സമീപനമാണ് സദാസമയവും സന്തുഷ്ടനായിരിക്കാന്‍ എനിക്കു തുണ.''
എന്താണു ജീവിതം എന്നു ചോദിച്ചാല്‍ അതിനു നല്‍കാവുന്ന ലളിതമായ മറുപടി നിതാന്തവും നിരന്തരവുമായ തെരഞ്ഞെടുപ്പുകള്‍ എന്നുതന്നെ.
ഇടമുറിയാത്ത തെരഞ്ഞെടുപ്പുകളിലൂടെയാണ് ഓരോരുത്തരുടെയും ഐഹികമായ ജീവിതയാത്ര കടന്നുപോകുന്നത്. ഏതൊരു അടക്കത്തിലും അനക്കത്തിലും നമുക്കു മുന്നില്‍ രണ്ടു വഴികളുണ്ടായിരിക്കും. ഇടത്തോട്ടും വലത്തോട്ടും പോകുന്ന രണ്ടു വഴികള്‍. ഇടത്തോട്ടു പോകുന്നത് തിന്മയുടെയും ദുഃഖത്തിന്റെയും വഴിയാണ്. വലത്തോട്ടു പോകുന്നത് നന്മയുടെയും സന്തോഷത്തിന്റെയും വഴിയാണ്. അതാണ് വിശുദ്ധ ഖുര്‍ആന്‍ ''അവനു നാം പ്രസ്പഷ്ടമായ രണ്ടു വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലയോ..?'' എന്ന് സൂറത്തുല്‍ ബലദ് പത്തില്‍ ചോദിച്ചത്. സുവ്യക്തമായ ഈ രണ്ടു വഴികളില്‍ ഒരാള്‍ ഏതു തെരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അയാളുടെ ജയപരാജയങ്ങള്‍.
പരീക്ഷയില്‍ പരാജയം സംഭവിക്കുമ്പോള്‍ രണ്ടു വഴികള്‍ തെളിഞ്ഞുവരുന്നു: ഒന്നുകില്‍ പരാജയത്തില്‍ മനംനൊന്ത് രംഗം വിടുക. അല്ലെങ്കില്‍ പരാജയത്തെ പരാജയപ്പെടുത്തി വീണ്ടും വിജയപാതയില്‍ സജീവമാകുക. ഇതില്‍ ഏതു തെരഞ്ഞെടുക്കുന്നോ അതാണ് അയാള്‍ക്കു ലഭിക്കുന്നത്.
ബിസിനസ് തകര്‍ന്നു തരിപ്പണമാകുമ്പോള്‍ രണ്ടു വഴികള്‍ മുന്നിലുണ്ടാകും: ഒന്നുകില്‍ പണി നിര്‍ത്തി മൂലയിലിരിക്കുക. അല്ലെങ്കില്‍ പാഠം പഠിച്ച് വീണ്ടും മുന്നേറുക. ഏതും തെരഞ്ഞെടുക്കാം. നാം എടുക്കുന്നത് നമുക്കു കിട്ടും.
ഉറ്റവരുടെ മരണം രണ്ടു വഴികളാണ് തുറന്നിടുന്നത്. ഒന്നുകില്‍ അക്ഷമ കാണിക്കുക. അല്ലെങ്കില്‍ ക്ഷമാലുവാകുക. അക്ഷമയാണു സ്വീകരിക്കുന്നതെങ്കില്‍ അസമാധാനവും ക്ഷമയാണു സ്വീകരിക്കുന്നതെങ്കില്‍ സമാധാനവും ലഭിക്കും. ഏതു വേണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവനവനുതന്നെ.
തനിക്കെതിരെ ഒരാള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുമ്പോള്‍ മുന്നില്‍ കാണാം രണ്ടുവഴികള്‍: ഒന്നുകില്‍ അയാളോട് നെഗറ്റീവായി പെരുമാറുക. അല്ലെങ്കില്‍ പോസിറ്റീവായി പെരുമാറുക. പോസിറ്റീവായി പെരുമാറുന്നവര്‍ക്ക് പോസിറ്റീവായ ഫലങ്ങള്‍ ലഭിക്കും. നെഗറ്റീവായി പെരുമാറുന്നവര്‍ക്ക് നെഗറ്റീവായ ഫലങ്ങളും ലഭിക്കും.
മറ്റൊരാള്‍ തരുന്നതല്ല, ഒരാള്‍ തെരഞ്ഞെടുക്കുന്നതാണ് അയാളുടെ ജീവിതം. അങ്ങനെയെങ്കില്‍ എന്റെ ജീവിതം നശിപ്പിച്ചതിന് നീയാണുത്തരവാദി എന്ന പ്രയോഗം തെറ്റാണെന്നുവരും. ഒരാള്‍ക്കും മറ്റൊരാളുടെ ജീവിതത്തെ തകര്‍ക്കാനോ ഉയര്‍ത്താനോ കഴിയില്ലെന്നാണ്. പരമാവധി പോയാല്‍ തകര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും പ്രചോദനമാകാനേ കഴിയൂ. തകര്‍ച്ചയുടെയും വളര്‍ച്ചയുടെയും രണ്ടു വഴികള്‍ മുന്നിലുണ്ടായിട്ട് തകര്‍ച്ചയുടെ ഭാഗം തെരഞ്ഞെടുക്കുന്നതുകൊണ്ടാണ് തകര്‍ച്ച സംഭവിക്കുന്നത്. ഉയര്‍ച്ചയുടെ ഭാഗം തെരഞ്ഞെടുക്കുന്നതുകൊണ്ടാണ് ഉയര്‍ച്ചയുമുണ്ടാകുന്നത്. തെരഞ്ഞെടുക്കുന്നതേതോ അതാണ് ലഭിക്കുക.
അബൂജഹ്‌ലിനെ നന്നാക്കാന്‍ പുണ്യപ്രവാചകര്‍ക്കുപോലും കഴിഞ്ഞിട്ടില്ല എന്നത് ചിന്തനീയമാണ്. നന്മയുടെയും തിന്മയുടെയും വഴി കാണിച്ചുകൊടുക്കാന്‍ മാത്രമേ അവിടുത്തേക്കു കഴിഞ്ഞുള്ളൂ. പക്ഷേ, അബൂജഹ്ല്‍ തിന്മയുടെ വഴി മാത്രം തെരഞ്ഞെടുത്തതുകൊണ്ട് അവനു പരാജയം സംഭവിച്ചു. അതേസമയം അവന്റെ പുത്രന്‍ ഇക്‌രിമ നന്മയുടെ വഴി തെരഞ്ഞെടുത്തു; വിജയിക്കുകയും ചെയ്തു. അബൂജഹ്‌ലിന്റെ ജീവിതത്തെ പരാജയപ്പെടുത്തിയത് മറ്റാരുമല്ല, അവന്‍ തന്നെയാണ്. അവന്റെ തെറ്റായ തെരഞ്ഞെടുപ്പാണ് അവനെ നശിപ്പിച്ചത്. മകന്‍ ഇക്‌രിമയെ വിജയിപ്പിച്ചത് അദ്ദേഹത്തിന്റെ ശരിയായ തെരഞ്ഞെടുപ്പും.
അവനവന്‍ തെരഞ്ഞെടുത്തതിന് മറ്റാരെയും പഴി പറയരുത്. തന്റെ ജയത്തിനു താനാണുത്തരവാദി. തന്റെ പരാജയത്തിനും താന്‍ തന്നെ ഉത്തരവാദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."