ട്രഷറിയിലൂടെ ശമ്പളം രണ്ടുഘട്ടമായി നടപ്പാക്കും; ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറി വഴിയാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ഇന്ന്. രണ്ടുഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
ഏതൊക്കെ വകുപ്പുകളെയാണ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം ട്രഷറി വഴിയാക്കാനാണ് നേരത്തേ തീരുമാനിച്ചതെങ്കിലും പ്രായോഗികപ്രശ്‌നം പരിഗണിച്ച് രണ്ടുഘട്ടമായി നടപ്പാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞമാസം സെര്‍വര്‍ തകരാര്‍ മൂലം ശമ്പളവിതരണം രണ്ടുദിവസം വൈകിയിരുന്നു. മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ട്രഷറിയില്‍ ഉള്‍പ്പെടുത്തുന്നതിനിടയില്‍ സാങ്കേതിക തകരാറോ മറ്റോ ഉണ്ടായാല്‍ ശമ്പളവിതരണം താളംതെറ്റുമെന്നതിനാലാണ് രണ്ടുഘട്ടമായി നടപ്പാക്കിയാല്‍ മതിയെന്ന് തീരുമാനിച്ചത്.
മാസത്തിലെ ആദ്യദിവസങ്ങളില്‍ ട്രഷറിയില്‍ പണം ഉറപ്പുവരുത്തുകവഴി സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും. ഇതനുസരിച്ച് ജീവനക്കാരന്റെ ശമ്പളം ട്രഷറിയിലെ എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലാണ് (ഇ-ടി.എസ്.ബി) എത്തുക. മാസം 2,500 കോടിയോളം രൂപയാണ് ശമ്പളയിനത്തില്‍ സര്‍ക്കാര്‍ ചെലവിടുന്നത്. മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങളിലാണ് ശമ്പളവിതരണം നടക്കുന്നത്. ഇത്രയും ദിവസം ട്രഷറിയില്‍ പണം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് സാധിക്കും.
ശമ്പളം ഉടന്‍ പിന്‍വലിക്കാതെ 15 ദിവസമെങ്കിലും സൂക്ഷിക്കുന്നതിന് ആറ് ശതമാനം പലിശ നല്‍കാനും നേരത്തേ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."