ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ
ന്യൂഡല്‍ഹി: ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാനുള്ള നിയമഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ മുതല്‍ ഇതു പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം. അതിനുള്ള നിയമഭേദഗതി നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരും.
കാറോ വീടോ വാങ്ങുക, വലിയ നിക്ഷേപങ്ങള്‍ നടത്തുക പോലുള്ള തുക കൈമാറ്റത്തിനിടെ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാലാണ് പിഴ ചുമത്തുക. എന്നാല്‍ പിഴ ചുമത്തുന്നതിന് മുന്നോടിയായി വ്യക്തിക്ക് വിശദീകരണം നല്‍കാനുള്ള അവസരമുണ്ടാകും. നിലവില്‍ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്.
എന്നാല്‍ പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ആധാറും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം. ഇതിനായി ഐ.ടി ആക്ടിലെ 272 ബി, 139 എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."