യൂനിവേഴ്‌സിറ്റി കോളജ്: പി.എസ്.സിയും സംശയ നിഴലില്‍, ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും ആക്ഷേപം, സര്‍ക്കാര്‍ ജോലിയില്‍ എസ്.എഫ്.ഐക്കും സംവരണമോ ?
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചതും ഇവര്‍ക്ക് തലസ്ഥാനത്ത് പരീക്ഷാകേന്ദ്രം അനുവദിച്ചതും പി.എസ്.സിയെ സംശയനിഴലിലാക്കി. ഇക്കാര്യത്തില്‍ സ്‌പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കേസിലെ ഒന്നാംപ്രതിയും എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റുമായ ആര്‍. ശിവരഞ്ജിത്തും രണ്ടാംപ്രതി എ.എന്‍ നസീമുമാണ് റാങ്ക് ലിസ്റ്റിലുള്ളത്. സിവില്‍ പൊലിസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാംറാങ്കുകാരനും നസീം 28ാം റാങ്കുകാരനുമാണ്.
ഇതിനുപുറമെ റാങ്ക് ലിസ്റ്റിലെ രണ്ടാംറാങ്കുകാരന്‍ പ്രണവ് യൂനിവേഴ്‌സിറ്റി കോളജിലെ യൂനിയന്‍ ഭാരവാഹിയാണ്.
ഇവര്‍ക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം. നസീമിന് തിരുവനന്തപുരത്തുള്ള തൈക്കാട് ഗവ.കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലും പ്രണവിന് ആറ്റിങ്ങല്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളിലുമായിരുന്നു പരീക്ഷാകേന്ദ്രം.
രണ്ടുപേരുടെയും ഹാള്‍ടിക്കറ്റ് പുറത്തുവന്നിട്ടുണ്ട്. ശിവരഞ്ജിത്ത് യൂനിവേഴ്‌സിറ്റി കോളജില്‍ തന്നെയാണ് പരീക്ഷയെഴുതിയതെന്നാണ് ആക്ഷേപം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സാധാരണഗതിയില്‍ കെ. എ.പി നാലാംബറ്റാലിയന്‍ പരീക്ഷ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നടക്കുക. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉദ്യോഗാര്‍ഥികളുടെ സ്വന്തം ജില്ലകളില്‍ കേന്ദ്രം അനുവദിക്കുന്നത്. എന്നാല്‍, ഇവരുടെ കാര്യത്തില്‍ എന്ത് പ്രത്യേക സാഹചര്യമാണുണ്ടായതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. ഒന്നും രണ്ടും റാങ്കുകാരായ ശിവരഞ്ജിത്തിനും പ്രണവിനും 78 മാര്‍ക്ക് വീതം ലഭിച്ചിരുന്നു.
ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിച്ചതിന് 13.58 മാര്‍ക്ക് അധികമായി നേടിയാണ് ശിവരഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മൂന്നാംറാങ്കുകാരന് 64 മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. ചോദ്യപേപ്പറില്‍ ചോര്‍ച്ചയുണ്ടായെന്നും ആക്ഷേപമുണ്ട്.
എസ്.എഫ്.ഐ നേതാക്കളായ ക്രിമിനലുകള്‍ പി.എസ്.സി ലിസ്റ്റില്‍ റാങ്കുകാരായി വരുന്നത് വര്‍ഷങ്ങളോളം ഇതിനായി അധ്വാനിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയെ തന്നെ ആശങ്കയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."