കടത്തുവള്ളത്തില്‍ കായല്‍ കടന്നെത്തി വോട്ടുപെട്ടിയും ഉദ്യോഗസ്ഥരും
തൃക്കരിപ്പൂര്‍: ഇന്നു നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദ്വീപ് നിവാസികളുടെ ജനഹിതം പെട്ടിയിലാക്കാന്‍ വോട്ടുപെട്ടി വള്ളത്തിലേറി കവ്വായിക്കായല്‍ കടന്നു. കാസര്‍കോട് ജില്ലയുടെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട വലിയപറമ്പ ദ്വീപ് പഞ്ചായത്തിലെ തയ്യില്‍ സൗത്ത് ഗവ. എല്‍.പി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലേക്കാണ് പോളിങ് യന്ത്രവും മറ്റ് ഉപകരണങ്ങളും കടത്ത് വള്ളത്തില്‍ കവ്വായിക്കായല്‍ കടന്നു എത്തിച്ചത്. വലിയപറമ്പ പഞ്ചായത്തിലെ റോഡ് ഗതാഗതമില്ലാത്ത തെക്കന്‍ മേഖലയിലെ ഏക പോളിങ് ബൂത്താണ് തയ്യില്‍ സൗത്ത് ഗവ. എല്‍.പി.സ്കൂളില്‍ ഒരുക്കിയ ബൂത്ത്. ഇന്നലെ ഉച്ചയോടെയാണ് പ്രിസൈഡിങ് ഓഫിസര്‍ ലിയയുടെ നേതൃത്വത്തില്‍ നാലു പോളിങ് ഓഫിസര്‍മാരും രണ്ടു പൊലിസുകാരും ഉള്‍പ്പെടെ ആറ് പേര് 20 മിനിറ്റോളം ജലമാര്‍ഗം ബൂത്തിലെത്തിയത്. ഇവരില്‍ നാലുപേരും വനിതാ ജീവനക്കാരാണ്. ഇവിടെ ആകെയുള്ള 435 വോട്ടര്‍മാരില്‍ 199 പുരുഷന്മാരും 236 സ്ത്രീകളുമാണുളളത്.
വലിയപറമ്പിന്റെ ഭാഗമായ മാടക്കാല്‍ ദ്വീപിലെ കടവില്‍ നിന്നാണ് വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ അതിര്‍ത്തിയിലെ പോളിങ് സ്റ്റേഷനിലേക്ക് പോളിങ് ഉദ്യോഗസ്ഥരെത്തിയത്. കടത്തുവള്ളത്തിലൂടെ സഞ്ചരിച്ചാല്‍ പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ സമീപത്ത് ഇറങ്ങാം. ഒരു പതിറ്റാണ്ട് മുന്‍പുവരെ വലിയപറമ്പ പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും വള്ളത്തിലേറിയാണ് വോട്ടുപെട്ടിയുമായി പോളിങ് ഓഫിസര്‍മാര്‍ എത്തിയിരുന്നത്. ഇതിനിടെ രണ്ടു പാലങ്ങള്‍ വന്നതോടെ തയ്യില്‍ സൗത്ത് സ്കൂളിലെ ബൂത്ത് മാത്രമാണ് കടത്തുവള്ളത്തെ ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."