ക്യാംപസുകളില്‍ കഠാരയും കുറുവടിയുമായി എസ്.എഫ്.ഐ വിലസുന്നുണ്ടെങ്കില്‍, അടിത്തറക്കാണ് ശസ്ത്രക്രിയ ആവശ്യം: വി.എസ്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവത്തില്‍ എസ്.എഫ്.ഐയേയും നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍.
ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആയുധമെന്നും തുല്യതയ്ക്കു വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടതെന്നും വി.എസ് വിമര്‍ശിച്ചു. ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്‌നമുണ്ട് എന്നാണ് വ്യക്തമാകുന്നത്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ലെന്ന് വേണം ഉറപ്പിക്കാനെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പൊലിസ് തിരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം ഉണ്ടാക്കിയത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
യൂനിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവും കത്തിക്കുത്തും അറസ്റ്റും മാത്രമല്ല മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫഐയുടെ യൂനിറ്റ് മുറിയില്‍ നിന്നും സര്‍വ്വകലാശാല ഉത്തക്കടലാസുകള്‍ അടക്കം പിടിച്ചെടുത്ത സാഹചര്യത്തില്‍ കൂടിയായിരുന്നു വി.എസിന്റെ പ്രതികരണം. സര്‍വ്വകലാശാല പരീക്ഷ നടത്തിപ്പ് മുതല്‍ പിഎസ്‌സിയുടെ വിശ്വാസ്യത വരെ ചോദ്യം ചെയ്യപ്പെട്ട നിലയിലേക്കും കാര്യങ്ങളെത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."